നാട്ടിലെങ്ങും മഴക്കാലം തുടങ്ങിയിരിക്കുന്നു,മഴ എന്ന് കേൾക്കുമ്പോഴേ നമ്മുടെ കുട്ടിക്കാലമായിരിക്കും മനസ്സിലേക്ക് ഓടിയെത്തുക.കാരണം കുട്ടിക്കാലത്ത് ആയിരിക്കും നമ്മൾ ഏറ്റവും കൂടുതൽ മഴ കൊണ്ടിട്ടുണ്ടാവുക.രാവിലെ തുടങ്ങുന്ന മഴ,സ്കൂളിൽ പോകാൻ ഡ്രസ്സ് മാറി മഴ പെയ്യുന്നതും നോക്കി വിമ്മിഷ്ടപ്പെട്ട് ഇരിക്കും.ആ വിമ്മിഷ്ടം സ്കൂളിൽ പോകാൻ പറ്റാത്തതിന്റെ ആയിരിക്കില്ല,ഈ മഴ ഇത്തിരികൂടി ശക്തിയോടെ പെയ്തിരുന്നെങ്കിൽ പിന്നെ അന്ന് സ്കൂളിൽ പോകേണ്ടാ അതാണ് മനസ്സില്.
മഴയും നോക്കി ഇരിക്കുന്ന എന്നെ കാണുമ്പോൾ ഉമ്മാക്ക് മനസ്സിലാകും ഇവനിന്ന് സ്കൂളിൽ പോകാൻ യാതൊരു പ്ലാനും ഇല്ല എന്ന്.പിന്നെ ഉമ്മ നിർബന്ധിച്ചു സ്കൂളിലേക്ക് പറഞ്ഞയക്കും,കൂടെ ഒരു ഉപദേശവും,മെല്ലെ റോഡിന്റെ ഒരു ഓരം ചേർന്ന് പോകണേ,ഇത്തിരി മഴ നനയും സാരോല്ല.അങ്ങനെ റോഡിന്റെ ഓരം ചേർന്ന് പോകുമ്പോഴായിരിക്കും ഏതെങ്കിലുമൊരു വാഹനം ഒരു ദയയുമില്ലാതെ റോഡിലെ കുഴിയിൽ കിടക്കുന്ന ചെളി വെള്ളം തെറിപ്പിച്ചു കടന്നു പോകുന്നത്.ആ ചെളിവെള്ളത്തെ പ്രധിരോധിക്കാൻ വേണ്ടി കുട ഒരു മറ ആയി പിടിക്കും അപ്പൊ മുകളിൽ നിന്നും വീഴുന്ന മഴതുള്ളി ദേഹമാസകലം നനച്ചിട്ടുണ്ടാകും.
നനഞ്ഞു കുളിച്ചു സ്കൂളിൽ ചെല്ലുമ്പോഴേക്കും മിക്കവാറും ക്ലാസ് തുടങ്ങിക്കാണും.മഴ ആയതുകൊണ്ട് ടീച്ചെറും ഒന്നും പറയാറില്ല.ഞാൻ അഞ്ചാം ക്ലാസ് മുതൽ പഠിച്ച സ്കൂൾ ഒരു പുഴയുടെ തീരത്തായിരുന്നു.സ്കൂളിൽ ഇരിക്കുമ്പോ പെയ്യുന്ന ഓരോ മഴ കാണുമ്പോഴും ഇന്നെങ്കിലും പുഴ നിറഞ്ഞു കവിഞ്ഞു ഞങ്ങളുടെ ക്ലാസ്സിലൊക്കെ വെള്ളം കയറി ബെഞ്ചും ഡസ്കും ഒഴികി പോകണേഎന്ന് മനമുരുകി പ്രാർഥിക്കും,അങ്ങനെ എങ്ങാനും സംഭവിച്ചാൽ പിന്നെ കുറച്ചു ദിവസത്തേക്ക് ക്ലാസിൽ പോകണ്ടല്ലോ.പക്ഷെ നിഷ്കളങ്കമായ കൊച്ചു മനസ്സുകളുടെ ഈ പ്രാർത്ഥന മാത്രം മുകലിരുന്നവൻ കേൾകാറില്ല,എത്ര വലിയ മഴ പെയ്താലും പുഴ നിറഞ്ഞു സ്കൂളിന്റെ മുറ്റം വരെ എത്തി ഞങ്ങളെ നോക്കി കളിയാക്കി ചിരിച്ചിട്ട് തിരിച്ചു പോകും....
പലപ്പോഴും ഞാൻ മഴയെ നോക്കി ഒറ്റയ്ക്ക് ഇരിക്കാറുണ്ട്,മഴ എത്ര കണ്ടാലും മതി വരാത്ത ഒന്ന്.പെയ്യുന്ന ഓരോ മഴയും എന്നെ ഒരു കൊച്ചു കുട്ടിയാക്കും.മധുരമുള്ള,ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ബാല്യ കാലത്തേക്ക് എന്നെ കൈപിടിച്ചു കൊണ്ട് പോകും...മഴ....ഒരിക്കലും മരിക്കാത്ത ഓർമ്മകൾ....
No comments:
Post a Comment