Saturday, October 18, 2014

അന്നോരുനാൾ ...

നീയെന്താ ആലോചിക്കുന്നെ...

ഒന്നുല്ല...അതെ നമ്മൾ തമ്മിൽ കണ്ടിട്ട് എത്ര നാളായെന്നുള്ളത് നീ ഓർക്കുന്നുണ്ടോ...

ഇല്ല...എനിക്ക് അതോർക്കാനുള്ള ത്രാണിയില്ല...

എങ്കിൽ ഞാൻ പറയാം,ഇന്നേക്ക് അഞ്ചു വർഷം,എല്ലാ കാര്യങ്ങളിലും മാറ്റം വന്നു പക്ഷെ നിന്റെ കാര്യത്തിൽ മാത്രം എന്തെ ഒരു മാറ്റവും വരാത്തെ.

എന്തെ ഞാൻ മാറണം എന്നാണോ നീ പറഞ്ഞു വരുന്നത്...

അല്ല..പക്ഷെ നിനക്ക് മാറ്റങ്ങൾ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..

എന്നാൽ അങ്ങനെയല്ല,നിനക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്,എനിക്കെറ്റവും ഇഷ്ടപ്പെട്ട നീന്റെ ചുരുളൻ മുടിയിന്നു വെട്ടി ഒതുക്കി നീളം കുറച്ചിരിക്കുന്നു,റോസ് ചായത്തിന് പകരം ചുണ്ടുകളിൽ കടും ചോപ്പ് തേച്ചിരിക്കുന്നു,അങ്ങനെ ഒരുപാടൊരുപാട് മാറ്റങ്ങൾ നിനക്ക് വന്നിട്ടുണ്ട്.യു ഹാവ് ലോട്ട് ഓഫ് ചൈഞ്ചസ് ....

മുടിയുടെ കാര്യത്തിൽ എനിക്കും ആഗ്രഹമില്ലായിരുന്നു,പക്ഷെ അവൻ സമ്മതിച്ചില്ല.പിന്നെ അവിടുത്തെ കാലാവസ്ഥയ്ക്കും യോജിച്ചത് ഇതാണെന്ന് തോന്നി.

കുട്ടികൾ...

ഇല്ലാ ..

എന്താ...എന്നോടുള്ള വാശിയാണോ...

വാശി...അങ്ങനൊന്നു അന്നും ഇന്നും എനിക്കില്ലായിരുന്നു,ആഗ്രഹങ്ങൾ ഒരുപാടുണ്ടായിരുന്നു എല്ലാം ഒരു ദിവസം കൊണ്ടല്ലേ മാറി മറിഞ്ഞേ..അവൾ അതും പറഞ്ഞു കുലുങ്ങി ചിരിച്ചു.

എന്നത്തേക്കാ മടക്കം...

എന്തെ എന്നെ ഇവിടുന്നു കെട്ടു കെട്ടിക്കാൻ നിനക്ക് തിടുക്കമായോ,ഒരുപാട് പറയാനുണ്ടേന്നാണല്ലോ നീ വിളിച്ചപ്പോൾ പറഞ്ഞത്,..

ഒരുപാടുണ്ടായിരുന്നു..പക്ഷെ നിന്നെ കണ്ടപ്പോൾ ഞാൻ വെറുമൊരു വഴിയാത്രക്കാരനെ പോലെയായി,വഴി ചോദിച്ചു തിരിഞ്ഞു നടക്കുന്നൊരു വഴിപോക്കൻ.."അയാൾ കണ്ണുകൾ പാർക്കിൽ കളിക്കുന്ന കുട്ടികളുടെ നേരെ നീണ്ടു.

എന്നെ കുറിച്ച് ഒന്നും അറിയണമെന്നില്ലെ നിനക്ക്....

അറിയനമെന്നുണ്ടായിരുന്നു,പക്ഷെ നിന്റെ മുഖത്ത് നിന്നും ഞാൻ എല്ലാം വായിച്ചെടുത്തു,അല്ലെങ്കിലും എന്നോളം നിന്നെ അറിഞ്ഞ വേറെ ആരെങ്കിലും ഉണ്ടോ ഈ ലോകത്ത്...അയാളുടെ കണ്ണുകൾ നിറയുന്നത് കാണാതിരിക്കാൻ അങ്ങ് ദൂരെ പോകുന്ന ഒരു പേരറിയാത്ത കിളിയുടെ നേരെ പായിച്ചു.

ഇത്രയൊക്കെ അറിഞ്ഞിട്ട് എന്തുണ്ടായി,നീ അന്ന് പറഞ്ഞത് നേരാണ് വിധിയില്ല അല്ലെങ്കിലും ഞാനൊരു പൊട്ടി പെണ്ണാണല്ലോ ഒന്നും അറിയാത്ത പൊട്ടി പെണ്ണ്..."

 ഹഹഹ ...ഇനിയതിന്റെ പേരിൽ പരസ്പരം ഒന്നും പറഞ്ഞു വഴക്ക് തുടങ്ങേണ്ടാ,ഇങ്ങനെയൊക്കെയല്ലേ ജീവിതം.മറ്റുള്ളോരുടെ സന്തോഷത്തിനു വേണ്ടി നമ്മളൊക്കെ സന്തോഷത്തിന്റെ മേലങ്കിയണിഞ്ഞു ജീവിക്കുന്നു...

നിന്റെ ആ ചിരിക്കു ഇന്നും മാറ്റമില്ല...അതും പറഞ്ഞു അയാളുടെ ചിരിക്കൊപ്പം അവളും ചേർന്നു.

നേരം സന്ധ്യയായി നിനക്ക് പോകേണ്ടേ,വാ നടക്കു റോഡ്‌ വരെ ഞാനും വരാം...

പിന്നെ ഒന്നും പറയാതെ ഒരകലം പാലിച്ചു ഒരുപാട് ചിന്തകളെ മനസിലേക്ക് ആവാഹിച്ചു അവർ രണ്ടുപേരും യാത്ര പറഞ്ഞു പിരിഞ്ഞു,പരസ്പരം സുഖമാണെന്നുള്ള വലിയൊരു നുണ പറഞ്ഞു കൊണ്ട്.

മരണത്തിലേക്ക് ഒരു മുഴം ദൂരം...

   അടുത്ത സിഗരെറ്റിനു തീ കൊളുത്തി അയാള്‍ തല കുടഞ്ഞു കൊണ്ട് മുറിയിലൂടെ രണ്ടു ചാല്‍ നടന്നു,എസിയുടെ ശക്തമായ തണുപ്പിലും അയാളുടെ നെറ്റിയില്‍ നിന്നും വിയര്‍പ് തുള്ളികള്‍ നിലത്തു വിരിച്ചിരിക്കുന്ന കാര്‍പ്പെറ്റില്‍ വീണലിഞ്ഞു.ഇടയ്ക്ക് ജനാലയിലൂടെ പുറത്തു ചുട്ടു പഴുക്കുന്ന മരുഭൂമിയെ നോക്കി നെടുവീര്‍പ്പിട്ടു തിരികെ വന്നു ആഷ്ട്രേയിലേക്ക് എരിഞ്ഞടങ്ങുന്ന സിഗരറ്റിന്‍റെ ചാരം ഒരു വിരല്‍ കൊണ്ട് തട്ടിയിട്ടു.വലിച്ചു തള്ളിയ സിഗരറ്റിന്‍റെ കുറ്റിയും ചാരവും തീയില്‍ കരിഞ്ഞ മനുഷ്യ ജന്മങ്ങളെ പോലെ ആഷ്ട്രെയും കവിഞ്ഞു ടീപ്പോയിയില്‍ തൂവി .

മരണം....തന്‍റെ ജീവിതത്തിലെ അവസാന പോം വഴി അത് മാത്രമാണെന്ന് അയാള്‍ മനസ്സില്‍ ഉറപ്പിച്ചു.പക്ഷെ എങ്ങനെ വേണമെന്നായി പിന്നീടുള്ള ചിന്ത,അതിനായ് നൂതന മാര്‍ഗങ്ങള്‍ തേടി ലാപ് ടോപ്‌ തുറന്നു ഗൂഗിളിന്‍റെ സഹായം തേടി.എങ്കിലും നല്ലൊരു മാര്‍ഗം തിരഞ്ഞെടുക്കാന്‍ അയാള്‍ ആലോചനയിലാണ്ടു.

സുഖകരമായ മരണത്തിനു സ്ലീപ്പിംഗ് പില്‍സ് പത്തോ പതിനഞ്ചോ അങ്ങ് വിഴുങ്ങുക,നല്ല ഉറക്കവും കിട്ടും ഒന്നും അറിയാതെയുള്ള നല്ലൊരു മരണവും കിട്ടും,അത് നല്ല ഐഡിയ തന്നെ.ചെയ്...അത് ഭീരുത്വമല്ലേ,അത് ഒരു ധൈര്യശാലിക്ക് ചേര്‍ന്ന പണിയല്ല.നാളെ കാണാന്‍ വരുന്നവര്‍ കളിയാക്കില്ലെ...!!!!മരണം വ്യത്യസ്തമായിരിക്കണം..

അല്ല...ഈ മരണത്തിനു എന്താ ഇത്ര വെത്യസ്ഥത നോക്കാനുള്ളത്,പാരമ്പര്യമായിട്ട് എല്ലാരും ഉപയോഗിച്ച് പോരുന്ന ഒരു മുഴം കയറില്‍ തൂങ്ങിയാടിയുള്ള മരണം.ആഹാ...അതൊരു രസമുള്ള ഏര്‍പ്പാടല്ലേ,അറിഞ്ഞു വരുന്നവരൊക്കെ എന്നെ കാണാന്‍ മുകളിലോട്ടു നോക്കട്ടെ.

അതെ ..കയര്‍ തന്നെയാവട്ടെ തന്‍റെ അവസാനത്തെ കൂട്ടുകാരന്‍,അല്ല ഇനിയിപ്പോ കയറിനു വേണ്ടി എവിടെ പോകും.താഴെ ബക്കാല നടത്തുന്ന ചേട്ടന്‍റെ അടുത്ത് പോകുന്നത് ശരിയല്ല,എന്‍റെ മരണമറിഞ്ഞു ചേട്ടന്‍ എല്ലാരുടെയും മുന്നില്‍ ആളാവും,അത് വേണ്ട.മുറിയാകെ ഒന്ന് പരതി,ങ്ങാ...കിട്ടി,പണ്ട് ആരോ നാട്ടില്‍ പോകാന്‍ നേരം പെട്ടി കെട്ടിയതിന്‍റെ ബാക്കി നല്ലൊരു കയര്‍ കിട്ടി.അത് രണ്ടു കയിലും പിടിച്ചു വലിച്ചു നോക്കി ബലം പരിശോധിച്ചു,കാരണം സംഗതി പൊട്ടി താഴെ വീഴരുതല്ലോ.

"സുഹൃത്തേ മരിക്കുന്നതിനു മുന്നേ ഒരു കത്തെങ്കിലും എഴുതി വെച്ചൂടെ.."പിന്നില്‍ നിന്നും ഗാംഭീര്യമുള്ള ചോദ്യം കേട്ട് അയാള്‍ ഞെട്ടി തിരിഞ്ഞു നോക്കി.

"ആ...ആരാ...!!!"

"ഞാന്‍ മരണം,നിന്നെ കൊണ്ട് പോകാന്‍ വന്നതാണ്‌,പെട്ടെന്നാവട്ടെ എനിക്ക് വേറെ പണിയുണ്ട്.."

"ഒഹ്...എന്‍റെ തയാറെടുപ്പുകള്‍ കഴിഞ്ഞിട്ടില്ല,പറഞ്ഞ പോലെ ഒരു കത്തെഴുതി വയ്ക്കണ്ടേ.അല്ല ഈ കത്തെഴുതലൊക്കെ ഒരു ഔട്ട് ഓഫ് ഫാഷന്‍ അല്ലെ,ഫെസ്ബുക്കിലൊരു സ്റ്റാറ്റസ് അങ്ങ് പോസ്റ്റുക,ഒപ്പം കുറച്ചു സുഹൃത്തുക്കള്‍ക്ക് ടാഗും ചെയ്യാം.പോകുന്നതിനു മുന്നേ ആ തെണ്ടികള്‍ക്കുകൊടുക്കാന്‍ ഇതിലും വലിയ സമ്മാനം എന്താണുള്ളത്.."ഇത്രയും പറഞ്ഞു അയാള്‍ മരണത്തിന്റെ നേരെ നോക്കി.

"അല്ല...എന്തിനാണ് നീയിപ്പോള്‍ എന്നെ പുല്‍കുന്നത്..!!!"മരണം ആകാംക്ഷയോടെ ചോദിച്ചു.

"അത്...അത്...അക്കാര്യം ചോദിച്ചാല്‍,ഇതിനു മുന്നേ എന്തെങ്കിലും ഉണ്ടായിട്ടാണോ ആളുകള്‍ ആത്മഹത്യ ചെയ്തത്.ചിലര്‍ പരീക്ഷ തോറ്റതിന്റെ പേരില്‍,ചിലര്‍ വീട്ടുകാരുമായ് വഴക്കിട്ടതിനു,മറ്റു ചിലര്‍ പ്രണയത്തിന്‍റെ പേരിലും.സത്യത്തില്‍ ഇതൊക്കെ ഒരു കാരണമാണോ,അല്ല..."അയാളുടെ ശബ്ദം ഇടറി,അവിടെ മരണത്തിനു പോലും ഉത്തരം മുട്ടുന്നു.

"എങ്കില്‍ ഞാനൊരു കഥ പറയാം,അത് കേള്‍ക്കാനുള്ള സമയം ഉണ്ടോ ആവോ..."അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

"നിങ്ങള്‍ക്കല്ലേ തിരക്കാണെന്ന് പറഞ്ഞത്..."അയാളുടെ മറുചോദ്യം.

"തിരക്കാണ് പക്ഷെ നിങ്ങളോട് ഇത് പറയണമെന്ന് തോന്നി"

"മം...എങ്കില്‍ പറ..."അയാള്‍ കയര്‍ കുരുക്കാനുള്ള ഹുക്കിനായ് മുകളിലോട്ട് നോക്കി പറഞ്ഞു.

"ആ കാണുന്ന നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന മണല്‍ കാടു കണ്ടോ...മരണം ജനല്‍ വാതിലിന്‍റെ അരികത്തു നിന്നു മെല്ലെ മരുഭൂമിയിലേക്ക് വിരല്‍ ചൂണ്ടി തുടര്‍ന്നു.

അവിടെ ഒരാട്ടിടയന്‍ ജീവിക്കുന്നുണ്ട്,ആരാലും രക്ഷിക്കാന്‍ ഇല്ലാതെ വല്ലപ്പോഴും കിട്ടുന്ന റൊട്ടിയും വെള്ളവും കൊണ്ട് ജീവന്‍ നിലനിര്‍ത്താന്‍ കഷ്ട്ടപ്പെടുന്ന ഒരു പാവം.ഒരിക്കല്‍ ചുട്ടുപൊള്ളുന്നമണലില്‍ വീണു കിടന്നപ്പോള്‍ ജീവനെടുക്കാന്‍ ഞാന്‍ പോയതാണ്,പക്ഷെ അപ്പോഴും അയാളുടെ നിശ്ചദാര്‍ട്യംഎന്നെതോല്‍പ്പിച്ചുകളഞ്ഞു.കാരണം അയാളെ കാത്തു നാട്ടിലൊരു ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും ഉമ്മയുംനാട്ടിലുണ്ട്.

അയാള്‍ക്ക് നിരാശ ബാധിച്ചു ആത്മഹത്യ ചെയ്യാനുള്ള പല അവസരങ്ങളും ഉണ്ടായിട്ടും അതിനൊന്നും ശ്രമിക്കാതെ പിടിച്ചു നില്‍ക്കുന്നു,ഇവിടെ എന്തോ നിസാര കാര്യത്തിനു കയറുമെടുത്തു എന്നെയും കാത്തു നില്‍ക്കുന്നു..."ഇത്രയും പറഞ്ഞു മരണം അയാളുടെ മുഖത്തേക്ക് നോക്കി.

അയാളുടെ കണ്ണുകള്‍ നിറഞ്ഞു കണ്ണ് നീര്‍ പുറത്തേക്കൊഴുകാന്‍ വെമ്പല്‍ കൊണ്ടു.അപമാന ഭാരത്താല്‍ അയാള്‍ മുഖം താഴ്ത്തി നില്‍പ്പായി.

"എന്തെ..മരിക്കുന്നില്ലേ..?"

ഇല്ലാന്നുള്ള അര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി,പെട്ടെന്ന് കോളിംഗ് ബെല്‍ അടിച്ചു,അയാള്‍ കയര്‍ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം ഡോര്‍ തുറന്നു നോക്കി,പുറത്തു അയാളുടെ കൂട്ടുകാര്‍ ആയിരുന്നു.പിന്നെ ഒന്നും മിണ്ടാതെ അയാളും അവരോടൊപ്പം പുറത്തേക്കിറങ്ങി നടന്നു.

ഇന്നത്തെ ഈ സായാഹ്നം മുന്നത്തെക്കാളും എത്രയോ സുന്ദരിയാണെന്ന് അയാളുടെ മനസ് പറഞ്ഞു.....





Friday, October 17, 2014

വീട്ടിലെ ഡോക്ടർ

"ഉമ്മച്ചീ എനിക്ക് പല്ല് വേദനിക്കുന്നു ഇന്ന് സ്കൂളില്‍ പോകുന്നില്ല..."

"എവിടെ നോക്കട്ടെ,വായ്‌ തുറന്നെ മോന്‍..."

"വേണ്ടാ വേദനിക്കും..."

"ഇല്ലന്നെ..ഞാന്‍ നോക്കുന്നെ ഉള്ളു,തൊടാനൊ ന്നും പോണില്ല.."

ഉമ്മച്ചി മെല്ലെ വായ്‌ തുറന്നു അകത്തു ചെറിയൊരു പരിശോധന നടത്തി ഇളകുന്ന പല്ല് കണ്ടു പിടിച്ചു,പിന്നെ മെല്ലെ അതിലൊന്ന് പിടിച്ചു അനക്കി നോക്കാനും മറന്നില്ല.ഞാന്‍ നിലവിളിച്ചു കൊണ്ട് ഉമ്മാന്റെ പിടി വിടുവിച്ചു പിന്നിലോട്ട് ഓടി,എന്നിട്ട് കരച്ചില് തുടങ്ങി.

"നീ ഇങ്ങനെ കരയല്ലേ...ഉമ്മച്ചി ഒന്നുടെ നോക്കട്ടെ..."

"അയ്യടാ ...എന്നിട്ട് പല്ലേല് പിടിച്ചു തിരിക്കനല്ലേ,അങ്ങനെ നോക്കേണ്ടാ...."

"ഹും ...എങ്കി നീ പല്ലെലും നോക്കി നടന്നോ,ഞാന്‍ പോണ്..."ഇത്രയും പറഞ്ഞു അടുക്കളയിലോട്ട് പോയ ഉമ്മച്ചി തിരികെ വന്നിട്ട് ഒരു ബുദ്ധി ഉപദേശിച്ചു തന്നു.

"അല്ലെങ്കില്‍ ഒരു പണി ചെയു തോല്‍ത്തിന്റെ നൂലെടുത്തു ഇളകുന്ന പല്ലേല് ഒരു കെട്ടിട്,എന്നിട്ട് മെല്ലെ നൂലിന്റെ അറ്റത്ത്‌ പിടിച്ചു വലിച്ചു നടന്നോ."

"അപ്പൊ വേദനിക്കൂലെ ..."

"ഇല്ല ...ഇടയ്ക്കിടെ പിടിച്ചു മെല്ലെ വലിച്ചാല്‍ മതി...."

അങ്ങനെ ഉമ്മച്ചി പറഞ്ഞപോലെ ഒരു നൂലെടുത്തു പല്ലേല്‍ കുടുക്കിട്ട് നൂലിന്റെ ബാക്കി മുന്നിലേക്ക് തൂക്കിയിട്ട് നടപ്പായി,ഇടയ്ക്ക് ഉമ്മച്ചി പറഞ്ഞപോലെ അറ്റത്ത് പിടിച്ചു വലിച്ചു നോക്കും ശക്തി കുടുമ്പോള്‍ വേദനിക്കും അപ്പൊ ആ പരിപാടി അവിടെ നിര്‍ത്തും.അങ്ങനെ കുറച്ചു നേരത്തെ ശ്രമത്തിനൊടുവില്‍ പല്ല് നന്നായി ഇളകി തുടങ്ങി,എങ്കിലും പറയ്ക്കാന്‍ പേടി.

"മോനെ ഇവിടെ വന്നെ ...ഉമ്മച്ചി നോക്കട്ടെ...."

"വേണ്ടാ ...എനിക്ക് പേടിയ,ഉമ്മച്ചി പിടിച്ചു വലിക്കും.."

"ഇല്ലന്നെ എന്തയീന്നു നോക്കത്തെ ഉള്ളൂ..."

ഞാന്‍ മെല്ലെ ഉമ്മച്ചിയുടെ അരികെലേക്ക് പേടിയോടെ ചെന്ന് നിന്നു,ഉമ്മച്ചി എന്റെ ചുണ്ടില്‍ പിടിച്ചു കീഴോട്ട് വിടര്‍ത്തി പല്ലൊന്നു പരിശോധിച്ച്.എന്നിട്ട് ദേ പോണു ഒരു കാക്ക എന്നും പറഞ്ഞു മുകളിലോട്ട് വിരല്‍ ചൂണ്ടലും ആ നൂലിന്റെ തുമ്പില്‍ പിടിച്ചു വലിക്കലും ഒരുമിച്ചായിരുന്നു.

ക്ടിം...ചെറിയ ഒരു വേദന,ചോരയുടെ പുളിപ്പ് നാവിലെക്കിറങ്ങി വന്നു,ഞാന്‍ വലിയ വായില് നിലവിളിച്ചു.അത് കണ്ടു ഉമ്മച്ചി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.

"ഒന്നുല്ല ...കഴിഞ്ഞു ...എല്ലാം കഴിഞ്ഞു,എന്റെ കുഞ്ഞു ആ കണ്ണാടിയില്‍ പോയൊന്നു നോക്ക്യേ..."

നിറ കണ്ണുകളോടെ ഏന്തി വലിഞ്ഞു കണ്ണാടിയിലൂടെ എന്റെ ഒരു പല്ലില്ലാത്ത ഭാഗം വിടവായി വന്നത് കണ്ടു,പിന്നെ ഉമ്മച്ചിയുടെ നേരെ നോക്കി ബാക്കിയുള്ള പല്ല് മുഴുവനും കാണിച്ചു ചിരിച്ചു.ആ ചിരിക്കിടയിലും കണ്ണ് നീര്‍ കുടുകുടെ തെറിച്ചു ഉരുണ്ടു പിരണ്ടു താഴോട്ട് പതിക്കുന്നുണ്ടായിരുന്നു.

ഒരു വെളുപ്പാൻ കാലം

നേരം പുലരുന്നതേയുള്ളൂ,സമയം മൂന്നു മണി ചെറിയ തണുപ്പുണ്ട്.
ഞാന്‍ മെല്ലെ കണ്ണ് തുറന്നു അവളെ നോക്കി.എന്നോട് ഒട്ടി അവള്‍
നല്ല ഉറക്കത്തിലാണ്,ഇന്നലത്തെ യാത്രയുടെ ക്ഷീണമാകാം.
ഈ ഉറക്കത്തിലും അവളുടെ ഭംഗി പതിന്മടങ്ങ്‌ വര്‍ദ്ധിച്ച പോലെ തോന്നി,സൂര്യ കാന്തി പോലെ തിളങ്ങുന്നു അവളുടെ കവിളുകള്‍.

വെളുപ്പാന്‍ കാലത്ത് അല്ലെങ്കിലും ഏതൊരാളുടെയും സൗന്ദര്യം വര്‍ദ്ധിക്കുമെന്ന് കേട്ടിട്ടുണ്ട്,അത് അവളുടെ മുഖത്ത് നിന്നും ഞാന്‍ വായിച്ചെടുത്തു.ഏതോ സുന്ദര സ്വപ്നം കണ്ടിട്ടാണ് എന്ന് തോനുന്നു
അവളുടെ ചുണ്ടില്‍ ചെറു മന്ദസ്മിതം വിരിഞ്ഞു.ആ പുഞ്ചിരിക്കും പതിവിലും ഏറെ പ്രകാശം ഉള്ള പോലെ.

അവളെ ശല്യപ്പെടുത്താതെ മെല്ലെ എന്നെ ചുറ്റി പിടിച്ചിരുന്ന കൈകള്‍
മാറ്റി വെച്ച് ഞാന്‍ വാതില്‍ തുറന്നു പുറത്തേക്കു ഇറങ്ങി.
നല്ല നിലാവുണ്ട് ,മുറ്റത്ത്‌ രാത്രിയില്‍ പെയ്തിറങ്ങിയ മഴയുടെ ബാക്കിയെന്നോണം വെള്ളം തളം കെട്ടി കിടക്കുന്നു.മാനം കണ്ടിട്ട്
മേഘങ്ങളേ എല്ലാം താഴോട്ട് പറഞ്ഞു വിട്ടെന്ന് തോനുന്നു,അത്രമേല്‍
തെളിഞ്ഞ ആകാശം.അതിനു തിലകക്കുറിയെന്ന പോലെ നിറ ശോഭയോടെ നിലാവ്.

മുറ്റത്തെ വെള്ളക്കെട്ടില്‍ നിന്നും അമ്പിളി മാമന്റെ പ്രതിരൂപം
എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകുന്നുണ്ട്.ഈ പുലരിയെത്ര മനോഹരിയാണ്,ഇതെന്നെന്നും നില നിന്നിരുന്നെങ്കിലെന്നു വെറുതെ ആശിച്ചു.ഇടയ്ക്ക് പോയി അവളുടെ ചാരെ കുറച്ചു നേരം ഇരുന്നു.
അവളുടെ ചുണ്ടിലിപ്പോഴും ഒരു ചെറു പുഞ്ചിരി തത്തി കളിക്കുന്നുണ്ട്.എന്തായിരിക്കും ഈ പുലര്‍ക്കാലത്ത് കാണുന്ന
ഈ സുന്തര സ്വപ്നം,എന്തായാലും പുലര്‍ക്കാലെ കാണുന്ന സ്വപ്നം ഫലിക്കുമെന്നാനു ചൊല്ല്.കാണട്ടെ മതിവരുവോളം...

ഞാന്‍ വീണ്ടും പുറത്തെ വരാന്തയില്‍ പോയിരുന്നു ആകാശത്തേക്ക്
നോക്കി അവിടെ പ്രകാശ പൂരിതമായി പൂര്‍ണ ചന്ദ്രന്‍ എന്റെ നേരെ
നോക്കി പുഞ്ചിരി തൂകുന്നു.അതില്‍ എന്റെ പ്രിയ തമയുടെ മുഖം
തെളിഞ്ഞു വരുന്നു,ചാരെ രണ്ടു കുഞ്ഞു നക്ഷത്രങ്ങള്‍,അത് ചിലപ്പോള്‍ ഞങ്ങള്‍ക്ക് പിറക്കാന്‍ പോകുന്ന കുഞ്ഞു നക്ഷത്രങ്ങളാകാം.
അതായിരിക്കാം അവളുടെ സ്വപ്നത്തിലും വന്നത്...അതായിരിക്കാം അവളുടെ മന്ദസ്മിതത്തിന് ഇത്രയേറെ ഭംഗിയും...

വീണ്ടും എന്നെ സ്വപ്ന ലോകത്തേക്ക് കൊണ്ട് പോകുന്നു ....