Tuesday, May 14, 2013

എന്റെ പുന്നാര ഉമ്മച്ചി എനിക്ക് നല്കിയ രണ്ടാം ജന്മം

 കുളങ്ങളും തോടുകളും നിറഞ്ഞു ഒഴുകുന്ന നല്ല ഒരു പെരും മഴക്കാലം.നന്നേ ചെറുപ്പം,ഞാൻ അന്ന് സ്കൂളിലൊന്നും പൊയി തുടങ്ങിയിരുന്നില്ല.നല്ലൊരു മഴ തോർന്ന സമയത്താണ് വീടിന്റെ അടുത്തുള്ള ഹാജ്യാരുടെ വലിയ കുളത്തില് ഞാനും ഉമ്മയും കുളിക്കാൻ പോയത്.കുളം നിറഞ്ഞു കിടക്കുന്നു,കുളത്തിന്റെ ഒരു വശത്തായിട്ട് സിമന്റു തറയുണ്ട് അവിടെ ആണ് ഞങ്ങളുടെ അലക്കും കുളിയും.അന്ന് ഉമ്മാക്ക് ഒരുപാട് അലക്കാനുണ്ടായിരുന്നു.ഉമ്മ അലക്കുന്നത്‌ കണ്ടു ഞാനും ഒരു ഷാള് എടുത്തു വെള്ളത്തില് ഇട്ടു മുക്കി സമയം കളഞ്ഞു.

പെട്ടെന്നാണ് ഷാള് മുക്കിയും പൊക്കിയും നിന്ന ഞാൻ വെള്ളത്തിലേക്ക്‌ ഊളിയിട്ടു പോയത്.എന്താണെന്നു എനിക്കോ ഉമ്മച്ചിക്കൊ മനസിലായില്ല.അപ്പോഴേക്കും ഞാൻ ആഴമുള്ള കുളത്തിന്റെ അടിത്തട്ടിലേക്ക് കൂപ്പു കുത്തിയിരുന്ന്.ഉമ്മച്ചി ഇത് കണ്ടു സഹായത്തിനായിട്ടു ചുറ്റും വിളിച്ചു നോക്കി.തൊട്ടു അപ്പുറത്ത് രണ്ടു പെണ്ണുങ്ങള് സൊറ പറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ഉമ്മയുടെ തൊണ്ട ഇടറിയുള്ള നിലവിളി അവർ കേട്ടില്ല.

പിന്നെ ഉമ്മ ഒന്നും ആലോചിച്ചില്ല ചാടി കുളത്തിലേക്ക്‌,അടിത്തട്ടില് കിടക്കുന്ന എന്നെയും പൊക്കി മുകളിൽ വന്നു സിമന്റും തറയിൽ കിടത്തി.അപ്പഴേക്കും ഞാൻ ഒരുപാട് വെള്ളം അകത്താക്കിയിരുന്നു.ഉമ്മ ഒരു വിതത്തില് ഞാൻ കുടിച്ച വെള്ളം പുറത്തു കളഞ്ഞു എന്നെ എഴുന്നെപ്പിച്ചു ഇരുത്തി.ഞാൻ പേടിയോടെ കുളത്തിലേക്കും നോക്കി വിറയലോടെ ഏങ്ങി കരഞ്ഞു കൊണ്ടിരുന്നു.അന്ന് എന്നെ കെട്ടിപ്പിടിച്ചു ഉമ്മയും ഒരുപാട് കരഞ്ഞു .അങ്ങനെ എനിക്ക് എന്റെ പുന്നാര ഉമ്മച്ചി ഒരു ജന്മം കൂടി ദാനമായി നല്കി.അന്ന് ഉമ്മാക്ക് നീന്താൻ അറിയാവുന്നത് കൊണ്ട് എന്റെയും ഉമ്മയുടേം ജീവൻ തിരിച്ചു കിട്ടി.

ഇപ്പഴും അതോർക്കുമ്പോൾ മനസ്സില് പേടി തോന്നും,പിന്നീട് ഉമ്മച്ചി തന്നെ നീന്തൽ പടിപ്പിച്ചെങ്കിലും നല്ല ആഴമുള്ള കുളമോ പുഴയോ കണ്ടാൽ ഇപ്പഴും ഒരു ചെറിയ ഭയം ഉള്ളിലുദിക്കും.ഇതിനൊക്കെ പകരമായിട്ട് എന്റെ പുന്നാര ഉമ്മച്ചിക്ക് ഞാൻ എന്ത് കൊടുക്കും?എന്ത് കൊടുത്താലും മതി വരില്ലാന്ന് എനിക്കറിയാം.കാരണം അന്ന് എനിക്ക് എന്റെ ഉമ്മ നല്കിയത് രണ്ടാം ജന്മം ആയിരുന്നു.

റബ്ബേ എന്റെ ഉമ്മാക്ക് നീ ദീർഘായുസും ആയുരാര്യോഗ്യവും നല്കണേ .....

No comments:

Post a Comment