കവിത

നീ...

കയറുന്തോറും ഉയരം വെക്കുന്ന
അത്ഭുത പ്രതിഭാസമായ ഹിമാലയം
പോലെയാണ് പെണ്ണേ നീ.

പലവട്ടം ശ്രമിച്ചിട്ടും വായിച്ചു മുഴുവിക്കാന്‍
കഴിയാതെ അടച്ചു വെച്ചൊരു
പുസ്തകമായിന്നു നീ.

നിന്നെ കുറിച്ചുള്ള എന്നിലെ
ഓര്‍മ്മകളെന്നും ഇവിടെ എന്‍
ഹൃത്തില്‍ ചിതലരിക്കാത്ത
ഒരു പുസ്തകമായി മയങ്ങുന്നു.

നെഞ്ചില്‍ തീകൊരിയിട്ടല്ലേ പെണ്ണേ
നീ അവസാനം വിട പറഞ്ഞത്,
ഒരിക്കലും അണയാത്ത കനലുള്ള
ഒരു നെരിപ്പോട് ഇന്നും ബാക്കിയാണ്.
  

എന്നിലെ നെരിപ്പോട് ഊതി
പെരുപ്പിച്ചാണ് നിന്നെ കുറിച്ചുള്ള
ഓർമകളുടെ ചാരം ചികഞ്ഞെടുത്തത്.

നമ്മുടെ പ്രണയത്തിന്റെ അസ്ഥിവാരം
ചികഞ്ഞ എനിക്ക് കിട്ടിയതോ
ഒരു പിടി ചാരം മാത്രം,

കാരണം നമ്മുടെ പ്രണയം
എനിക്കെന്നും തീയായിരുന്നു
ഒരിക്കലും അണയില്ലെന്നു ഞാന്‍
നിനച്ച തീ.

തീയില്‍ കുരുത്തവ വാടില്ലെന്നല്ലോ
ചൊല്ല്,അതെ ഇന്നും നമ്മുടെ
പ്രണയം എന്നില്‍ വാടാതെ
നില്‍ക്കുന്നു.

No comments:

Post a Comment