Wednesday, July 9, 2014

അതിജീവനം ..


"നീയെന്തേ അവിടെ നിന്ന് കളഞ്ഞത്,ഈ കസേരയിലോട്ട് ഇരിക്കുന്നെ...."

സുമിയുടെ ചിരിച്ചു കൊണ്ടുള്ള കുഞ്ഞു ശാസനക്ക് മുന്നില്‍ സമീര്‍ ആദ്യമൊന്നു പകച്ചു പോയെങ്കിലും പിന്നെ മെല്ലെ കസേര വലിച്ചിട്ട് അവളുടെ അരികത്തായി ഇരുന്നു.

"നിന്റെ കൊലമാകെ മാറി പോയല്ലോ സുമി,എന്നാലും ആറു മാസം കൊണ്ട് ഒരാള് ഇങ്ങനെ ആയിപ്പോകുവോ...!!!"

പണ്ട് എത്ര ചുറുചുറുക്കോടെ ഓടി നടന്നതാണ്,ഏതൊരാളും ഒന്ന് നോക്കി പോകുന്ന നല്ലൊരു മാലഖ പോലുള്ള തന്റെ പഴയ ആ കൂട്ടുകാരി ഇന്ന് ഈ കട്ടിലില്‍ ഒരു അസ്ഥി കൂടം പോലെ.എങ്കിലും ആ ചിരി,അതിനു മാത്രം ഒരു മാറ്റവുമില്ല.തനിക്ക് ഒരുപാട് ഊര്‍ജവും ധൈര്യവും തന്നിട്ടുള്ള മനോഹരമായ ചിരിയിന്നും ചുണ്ടില്‍ നിന്നും അടരാതെ നില്‍ക്കുന്നു.

"നീയെന്താ സമീ ആലോചിക്കുന്നത്...!!!"

ങേ...!!!പെട്ടെന്നുള്ള ചോദ്യത്തില്‍ അവന്‍ ഞെട്ടിയത് പോലെ തോന്നി..

"ഹേയ് ..ഒന്നുല്ല,നീയെന്തേ എന്നോട് നിന്നെ കുറിച്ച് പറയരുതെന്ന് പറഞ്ഞത്,ഉമ്മ എന്നോട് എല്ലാം പറഞ്ഞിരുന്നു.."ഒരു പരിഭവം കലര്‍ന്ന പോലെ സമീര്‍ പറഞ്ഞു.

"നീ വന്നുവെന്ന് ഞാനറിഞ്ഞിരുന്നു ഞാന്‍ ഉമ്മയോട് പറഞ്ഞിരുന്നത എന്നെ കുറിച്ചൊന്നും നിന്നോട് പറയരുത്.ഈ അവസ്ഥയില്‍ നിന്നെ കാണാന്‍ വയ്യ..."പെട്ടെന്ന് സുമിയുടെ കണ്ണില്‍ നിന്നും രണ്ടു തുള്ളി പുറത്തേക്ക് ഇറ്റ്‌ വന്നു.അത് കണ്ണീരല്ല ചുടു ചോരയാണെന്ന് സമീറിന് തോന്നി,അതു സഹിക്കാനാവാതെ സമീര്‍ കണ്ണുകൾ തുറന്നിട്ടിരിക്കുന്ന ജനാലയിലൂടെ പുറത്തേക്കു പായിച്ചു.

"സമീ നീ ഓര്‍ക്കുന്നോ നമ്മുടെ ബാല്യം,അന്നൊക്കെ എന്ത് രസായിരുന്നല്ലേ എത്ര വട്ടം നാം പിണങ്ങിയിരുന്നിട്ടുണ്ട്.ആ ഇരുപ്പില്‍ നിന്നെ കാണാന്‍ എന്ത് ഭംഗി ആയിരുന്നെന്നോ..."

"ഉവ്വാ...അന്ന് നീയല്ലേ ഏതു നേരോം മോന്തേം വീര്‍പ്പിച്ചു ഇരിക്കാറ്,പിന്നെ ഒന്ന് മിണ്ടി തുടങ്ങണമെങ്കില്‍ എന്ത് പാടാര്‍ന്നു.."

"സ്കൂൾ വിട്ടു വരുന്ന വഴിക്ക് നമ്മെ കാത്തു ഒരു അപ്പൂപ്പന്‍ താടി ഇരിപ്പുണ്ടാവും,നിനക്കറിയോ ഈ അപ്പൂപ്പന്‍ താടി മാനത്ത് നിന്നും അടര്‍ന്നു വീഴുന്നതാണത്രെ..."

"ഹഹഹ അത് നിന്‍റെ കണ്ടു പിടുത്തമല്ലേ,അന്ന് ഞാന്‍ നമ്മുടെ മലയിലുള്ള അപ്പൂപ്പന്‍ താടി ഉണ്ടാവുന്ന മരം നിന്നെ കാണിച്ചു തന്നപ്പോഴാണ്‌ ഈ പറച്ചില്‍ നിര്‍ത്തിയത്.."

"ഇല്ലാ....ഒരിക്കലുമല്ല...ഞാന്‍ പറഞ്ഞതാണ്‌ ശരി,മാനത്ത് നിന്നും ആണ് അത് പറന്നു വരുന്നത്..."അവള്‍ താന്‍ പറയുന്നതാണ് ശരിയെന്നു സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു.

"സമീ....എന്‍റെ ഈ അവസ്ഥ കണ്ടിട്ട് നിനക്ക് ഒന്നും തോന്നുന്നില്ലേ,എന്നെ മരണത്തിനു വിട്ടു കൊടുക്കാന്‍ നിനക്ക് കഴിയുമോ.."അവള്‍ തന്‍റെ ശോഷിച്ച കൈകള്‍ സമീറിന്റെ കൈകളില്‍ മുറുകെ പിടിച്ചു ചോദിച്ചു

"ഇല്ല സുമീ....നിന്നെ ഞാന്‍ ഒരു മരണത്തിനും വിട്ടു കൊടുക്കില്ല,നിനക്കൊന്നും സംഭവിച്ചിട്ടില്ല...നിന്‍റെ ആ പഴയ കളിക്കൂട്ട്കാരന്‍ ആണ് പറയുന്നത്...."

"മം...എനിക്കിപ്പോ പേടിയൊക്കെ മാറി,മനസ്സിന് ഒരു ധൈര്യമൊക്കെ വന്നത് പോലെ...എങ്കി നീയിനി പൊക്കോ,ഇനീം ഇരുന്നാല്‍ നമ്മള്‍ ഇനീം സെന്റി ആവും.."അവള്‍ പ്രകാശം പരത്തുന്ന പോലെ പുഞ്ചിരിച്ചു.

ആ പാല്‍പുഞ്ചിരിക്ക് മുന്നില്‍ ഒന്നും പറയാനാവാതെ സമീര്‍ മെല്ലെ പുറത്തേക്കു ഇറങ്ങി നടന്നു.അപ്പോഴും ഇവിടേക്ക് പോരാന്‍ നേരം ഉമ്മ പറഞ്ഞ വാക്കുകള്‍ അവന്‍റെ കാതില്‍ മുഴങ്ങി...

"മോനേ..സമീ...ഓള്‍ക്ക് തീരെ വയ്യ,എന്തോ കൊള്ളില്ലാത്ത അസുഖം ആണത്രേ.നീയൊന്നു പോയി കണ്ടെച്ചും വാ...ആറു മാസം പോലും ഡോക്ടര്‍ സമയം പറഞ്ഞിട്ടില്ല...നിന്നെ കണ്ടാല്‍ ആ കൊച്ചിന് ഒരു ആശ്വാസവും..."

"ഇല്ല..ഉമ്മാ...അവളെ ഞാന്‍ ഒരു മരണത്തിനും ക്യാന്‍സറിനും വിട്ടു കൊടുക്കില്ല.ആറു മാസമല്ല..നൂറു വര്ഷം അവള്‍ ജീവിക്കും.."

ആ കളിക്കൂട്ടുകാരന്‍റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണു നീര്‍ വീണു ഭൂമിയോന്നു പുളഞ്ഞു.....

ഇനിയവൾ അതിജീവനത്തിന്റെ പാതയിലാണ്,കളിക്കൂട്ടുകാരന്റെ കൈ പിടിച്ചു...

Friday, July 4, 2014

അവസ്ഥാന്തരം

     "അന്‍ഷാദെ നിന്റെ മൊബൈല്‍ അല്ലെ ബെല്ലടിക്കുന്നത്,ആരാണാവോ കല്യാണ തിരക്കിന്റെ നേരത്ത് വിളിക്കുന്നത്‌ ..."

"ഉമ്മ ...ആ ഫോണ്‍ എടുത്തു നോക്ക് ആരാന്നു ...."

"അതെ ..നിന്റെ കൂട്ടുകാരനാണ്.."അന്‍ഷദ് ഉമ്മയുടെ കയ്യില്‍ നിന്നും ഫോണ്‍ ചെവിയോടു ചേര്‍ത്തു.

"ഹലോ ..ഡാ പറ ..നീ എവിടെ എത്തി ?"

"ങാ...ഞാന്‍ തൃശ്ശൂരില്‍ എത്താറായി,നീ വിളിക്കാന്‍ വരില്ലേ,അതോ ഇത്താത്താന്റെ കല്യാണത്തിന്റെ തിരക്കിലാണോ ഈ പുന്നാര ആങ്ങള...!!!"

"ഹേയ്..ഇത്തിരി തിരക്കുണ്ട്‌ എങ്കിലും ഞാന്‍ വരാം സന്ധ്യ ആവാറായില്ലേ,ഇനി നീ അവിടുന്ന് വണ്ടിയില്‍ കയറി വരാന്‍ ഒരുപാട് നേരം പിടിക്കും.പക്ഷെ ഇവിടുന്നു എന്തേലും നുണ പറഞ്ഞു വേണം ചാടാന്‍ ..."

"എങ്കില്‍ നീ ഇങ്ങു പോരെ ..ഞാന്‍ ട്രെയിന്‍ ഇറങ്ങുമ്പോഴേക്കും നിനക്ക് ആലുവയില്‍ എത്താല്ലോ ..."

"ഓക്കേ ഡാ ..ഞാന്‍ ഇറങ്ങുവാ ..."

ഇതാത്താന്റെ കല്യാണമാണ്,ആളുകളൊക്കെ എത്തി തുടങ്ങിയിരിക്കുന്നു അതിനിടയില്‍ താന്‍ എങ്ങനെ പുറത്തു ചാടും എന്ന് വിചാരിച്ചു അന്‍ഷാദു അങ്ങോടും ഇങ്ങോടും നടപ്പായി.പിന്നെ മെല്ലെ ഉമ്മയോട് പറഞ്ഞു പെട്ടെന്ന് വരുമെന്ന വാക്കും കൊടുത്തു ബൈക്കെടുത്തു പറപ്പിച്ചു വിട്ടു.

അവന്‍ വാച്ചില്‍ സമയം നോക്കി,നല്ല ദൂരമുണ്ട് ആകെ ദൂരത്തുള്ള ഒരു കൂട്ടുകാരനാണ്.അവനാണെങ്കില്‍ ഇതാത്താന്റെ കല്യാണം കൂടാന്‍ മാത്രമായാണ് ഇത്രേം ദൂരത്തു നിന്നും വരുന്നതും.അവനെയും പൊക്കി വരുമ്പോഴേക്കും അടുത്തുള്ള കൂട്ടുകാരൊക്കെ കാത്തു നില്‍പ്പുണ്ടാവും.ഇടയ്ക്ക് അവന്റെ ഫോണ്‍ ബെല്ലടിച്ചു,ബൈക്ക് ഒതുക്കിയിട്ട് ഫോണ്‍ എടുത്തു നോക്കി കൂട്ടുകാരനാണ്.വന്നു കൊണ്ടിരിക്കുന്നുവെന്ന് മറുപടി കൊടുത്തു യാത്ര തുടര്‍ന്നു.

ഹൈവേ ആയതു കൊണ്ടും സന്ധ്യ ആയതു കൊണ്ടും റോഡില്‍ സാമാന്യം നല്ല തിരക്കുമുണ്ട്,പെട്ടെന്നാണ് കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റും ഇട്ടു എതിരെ വരുന്ന ലോറിയെ മറി കടന്നു മറ്റൊരു ലോറി തന്റെ നേരെ പാഞ്ഞടുത്തത്.ഒന്ന് ബ്രേക്ക് ചവിട്ടാനും ബൈക്ക് വെട്ടി തിരിക്കാനുമുള്ള വിഫലമായ ഒരു ശ്രമം അവന്‍ നടത്തി നോക്കി,പക്ഷെ അതിനൊന്നും അനുവദിക്കാതെ ഒവര്‍ട്ടെക്ക് ചെയ്തു വന്ന ലോറി അവനെ ഇടിച്ചിട്ടു കടന്നു കളഞ്ഞു.

ഈ സമയം ഇതൊന്നും അറിയാതെ അവന്റെ വീട്ടില്‍ കല്യാണത്തിന്റെ ഒരുക്കങ്ങള്‍ തകൃതി ആയി തന്നെ നടക്കുന്നുണ്ടായിരുന്നു.നേരം ഇരുട്ടി തുടങ്ങി,ആളും ബഹളങ്ങളും തുടങ്ങിയ നേരത്താണ് ആ ദുഃഖ വാര്‍ത്ത അവരെ തേടിയെത്തുന്നത്.പക്ഷെ അവിടെയുള്ള ആരും തന്നെ അറിഞ്ഞില്ല,അല്ല ആരെയും അറിയിച്ചില്ല.

അതിനിടയില്‍ ഒന്ന് ഇരുട്ടി വെളുത്തു..ഒരു ശോകമൂകമായ അന്തരീക്ഷം അവിടമാകെ തളം കെട്ടി കിടന്നു,പക്ഷെ ഇതൊന്നും അറിയാതെ അവന്റെ ഇത്താത്താ പുതുമണവാട്ടി ആവാനുള്ള തയാറെടുപ്പില്‍ ആയിരുന്നു.എങ്കിലും ആ പെങ്ങളുടെയും ഉമ്മയുടെയും കണ്ണുകള്‍ അവനെ തിരയുന്നുണ്ടായിരുന്നു.ചോദിക്കുന്നവരോക്കെ ഇവിടെയെങ്ങാനും ഉണ്ടാവും,കവല വരെ പോയതാണ് ഇപ്പൊ വരും എന്നുള്ള മറുപടി കൊടുത്തു ഒഴിഞ്ഞു മാറി.

കഴുത്തില്‍ താലി ചാര്‍ത്തുന്ന നേരവും പെങ്ങള്‍ തന്റെ ആകെയുള്ള ആങ്ങളയെ തിരയുന്നുണ്ടായിരുന്നു,എല്ലാവരെയും വിട്ട് പോയതറിയാതെ ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന് അറിയാതെ,അളിയനെ കൈ പിടിച്ചു വീട്ടിലേക്ക് ക്ഷണിക്കാന്‍ തന്റെ കുഞ്ഞാങ്ങള ഇല്ലെന്നു അറിയാതെ.ഈ നേരം അന്‍ഷാദിന്റെ ചലനമറ്റ ശരീരം മോര്‍ച്ചറിയില്‍ തന്റെ പെങ്ങള് ഉടുത്തൊരുങ്ങി ഒരു മൊഞ്ചത്തി ആയി പുതിയ അളിയന്റെ കൈ പിടിച്ചു വരുന്നതും കാത്തു കിടപ്പുണ്ടായിരുന്നു...

പാഴ് ജന്മം....

        "മോളേ..ഹാജറാ ഇച്ചിരി വെള്ളം ഇങ്ങെടുത്തെ,ഒഹ് ..എന്തൊരു വെയിലാത് കവല വരെ പോയി വന്നപ്പോഴേക്കും ആകെ പരവേശായി ...."
തന്നോളം പ്രായമുള്ള തന്റെ തല മുടിക്കൊപ്പം നരയ്ക്കാന്‍ മത്സരിക്കുന്ന ശീലയുള്ള പഴയ കാലന്‍ കുട നിലത്തുന്നി മൊയ്തുണ്ണി കാക്ക മെല്ലെ വീടിന്റെ മുന്‍വശത്തെ തിണ്ണയിലേക്ക് ഇരുന്നു,തോളത്തു കിടക്കുന്ന പഴയ തോര്‍ത്ത്‌ മുണ്ടെടുത്ത് നെഞ്ചത്തെക്ക് വീശിക്കൊണ്ട് മരുമകളായ ഹാജാറയോടായി വിളിച്ചു പറഞ്ഞു.
"ഒഹ് ...ഇങ്ങള് ഇതെവിടെ പോയി കിടക്കുവാര്‍ന്നു,ഇക്ക എത്ര വട്ടം വിളിച്ചു ഇക്ക കൊടുത്തു വിട്ട സാദനങ്ങള് കൂട്ടുകാരന്റെ വീട്ടിലിരിപ്പുണ്ട്‌ അതൊന്നു എടുത്തു തന്നുടെ ബാപ്പ ഇങ്ങക്ക് ....അതെങ്ങനാ മോന്‍ അയക്കുന്ന കാശ് എങ്ങനെയെങ്കിലും തീര്‍ക്കാന്‍ അല്ലെ നോക്കുന്നെ ...."
"മോളെ ...ബാപ്പാടെ താടി മുടീം കണ്ടില്ലേ ...എത്ര നാളായി ഒന്ന് വെട്ടി ഒതുക്കിട്ട്,അതിനായ് കവല വരെയൊന്നു പോയതാ."
"പിന്നെ ...കാര്‍ന്നൊരു പുയ്യാപ്ല ആവാന്‍ പോവല്ലേ വെട്ടി ഒരുങ്ങി ..ഹും ...എനിക്കിവിടെ നൂറു കൂട്ടം പണിയുള്ളതാ ,കുട്ട്യോള് ഇപ്പൊ വരും സ്കൂള്‍ വിട്ട്.ബാപ്പക്ക് വെള്ളം അകത്തു വന്നു എടുത്തു കുടിച്ചുടെ ...."
ഇത്രയും പറഞ്ഞു കൊണ്ട് വന്ന വെള്ളം തിണ്ണയിലേക്ക് ശക്തിയായി വെച്ച് ഹാജറ കലി തുള്ളി അകത്തേക് പോയി.ഗ്ലാസ് വെച്ചതിന്റെ ശക്തിയില്‍ പാതി വെള്ളം തൂവി തിണ്ണയില്‍ പടര്‍ന്നു.

"ഞാന്‍ അന്നേ പറഞ്ഞതാ ...ഇതിനെയൊക്കെ വല്ല ഓള്‍ഡ്‌ എയിജ് ഹോമില്‍ കൊണ്ട് പോയി വിടാന്‍,അതെങ്ങന അപ്പൊ കെട്ട്യോനു അങ്ങട് സിമ്പതി കയറി.അങ്ങേരു അവിടെ പോയി കിടന്നു പറഞ്ഞാ മതി,ഇതിനെയൊക്കെ അനുഭവിക്കേണ്ടത് ഞാനല്ലേ ....ഹും ..."

വെള്ളം കുടിച്ചു ഒന്നും മിണ്ടാതെ മൊയ്തുണ്ണി കാക്ക മെല്ലെ പുറത്തേക്ക് ഇറങ്ങി നടന്നു,അപ്പോഴും മരുമകളുടെ കുറ്റം പറച്ചില്‍ കാതില്‍ മുഴങ്ങി കൊണ്ടിരുന്നു.എന്തായിരിക്കും ഈ ഓള്‍ഡ്‌ എയിജ് ഹോം ...എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

ങാ ...ഹമീദിനൊടു ചോദിക്കാം.ഞങ്ങള് ഒരേ പ്രായക്കാരാണ്,ഒന്നിച്ചു രണ്ടു ക്ലാസ് വരെ പഠിച്ചതാണെങ്കിലും അന്നത്തെ എന്റെ അവസ്ഥ മൂലം പഠിത്തം അവിടെ നിർത്തി,ഹമീദ് പഠിച്ചു വല്യ ഉദ്യോഗം ഒക്കെ നേടി.

പോകുന്ന വഴിക്ക് ഹമീദിന്റെ വീടിന്റെ മുന്നിലെക്കൊന്നു കണ്ണോടിച്ചു,ആളു അവിടെ തന്നെ ഇരിപ്പുണ്ട്.

"ഹമീദെ ..പോരുന്നോ പള്ളിയിലേക്ക് ..."

"ദേ ..വരുന്നു കുപ്പായം ഒന്ന് ഇട്ടോട്ടെ ..."

കുപ്പായം ഇട്ടു വന്ന ചങ്ങായി ഒപ്പം നടന്നു,വിശേഷങ്ങള്‍ പറയുന്നതിന് ഇടയ്ക്ക് മൊയ്തുണ്ണി കാക്ക ആ പേര് എടുത്തിട്ട്.

"അല്ല ഹമീദെ ..എന്താ ഈ ഓള്‍ഡ്‌ എയിജ് ഹോം ..."പെട്ടെന്ന് അത് കേട്ടപ്പോള്‍ ആ ചങ്ങാതി എന്തെയെന്ന മട്ടില്‍ മൊയ്തുണ്ണിയുടെ നേരെ നോക്കി.

"ഇന്ന് ഒരു സംഭവം ഉണ്ടായി ....മരുമോള് എന്നെ അങ്ങനെ ഒരു സ്ഥലത്ത് ആക്കാമെന്നു നമ്മടെ മോനോട് പറഞ്ഞിരുന്നുവത്രേ ..എന്താത് ..."

"അതോ ...മൊയ്തു ..അത് മക്കള്‍ക്ക് വേണ്ടാത്ത ബാപ്പമാരേം ഉമ്മമാരെം കൊണ്ട് പോയി ആക്കുന്ന ഒരു സ്ഥലമാണ്‌..."അത്രയും പറഞ്ഞപ്പോഴേക്കും ഹമീദ് എന്നാ ആ കളിക്കൂട്ടുകാരന്റെ തൊണ്ട ഇടറി.

മൊയ്തുണ്ണിയുടെ മുഖം അല്പം വാടി,പിന്നെ രണ്ടു പേരും ഒന്നും മിണ്ടാതെ മുന്നിലേക്ക് നടന്നു.

"മൊയ്തു അനക്ക് അറിയോ ഞാന്‍ എന്തെ ഇങ്ങനെ അഞ്ചു മക്കളുടെ വീട്ടില് മാറി മാറി
താമസിക്കുന്നതെന്നു.എന്റെ പേരില്,ഞാൻ അധ്വാനിച്ചു ഉണ്ടാക്കിയ കുറെ സ്വത്ത്ക്കളുണ്ട് അത് കിട്ടാന്‍ വേണ്ടിയിട്ട.അല്ലാതെ അവര്‍ക്ക് എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.."ഹമീദ് നീട്ടിയൊന്നു തുപ്പിയിട്ട് തുടര്‍ന്നു..

"ഞാന്‍ മക്കളെയൊക്കെ പഠിപ്പിച്ചു നല്ലൊരു നിലയിലാക്കി ഇപ്പൊ അവര്‍ക്ക് ഞാന്‍ ഒരു ശല്യമായി തുടങ്ങി.കാരണം ഞാനിപ്പോ വയസനായില്ലേ,നമ്മളൊക്കെ ഏതു സമയത്തും വീഴുന്ന ഒരു പഴയ തേക്ക് തടിയാണ് ന്റെ ചങ്ങാതി..വീഴുന്ന നേരത്ത് പിന്നെ തെക്ക് മരം ആണെങ്കില്‍ അയിനു നല്ല കാതലുള്ളത് കൊണ്ട് വില കിട്ടും,നമ്മക്കോ ...നമ്മളെ കൊണ്ട് പോയി ഇതുപോലെ ഏതെങ്കിലും വൃദ്ധ സദനത്തില്‍ ആക്കും,അല്ലെങ്കില്‍ ആര് നോക്കും എന്നും പറഞ്ഞു മക്കള് അടി കുടുന്നത് കാണേണ്ടി വരും.ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് ഞാന്‍ സ്വത്തൊന്നും ഇപ്പഴും മക്കളുടെ പേരില് എഴുതി കൊടുക്കാത്തത് ..."

"നേരാണ് ഹമീദേ നീ പറഞ്ഞത് ....ഒരു കണക്കിന് സ്വത്തുക്കള്‍ ഒരുപാട് ഉണ്ടാവാതിരുന്നത്‌ ഒരു കണക്കിന് നന്നായി ല്ലേ.അല്ലെങ്കില്‍ പണ്ടേ നമ്മടെ മരുമോള് ഇതുപോലെ ഏതെങ്കിലും ഇടത്തില്‍ കൊണ്ടുപോയി ആക്കിയേനെ."

"ന്റെ മൊയ്തു ..അങ്ങനെ വെല്ലോം ഉണ്ടായാല്‍ നിന്റെ കൂടെ ഞാനും വരും,ഇത്രയും നാളും നമ്മള് ഒരുമിച്ചല്ലേ നടന്നു,ഇനീം അങ്ങനെ തന്നെ ആയിരിക്കും.അനക്ക് അറിയോ ...ഈ മനുഷ്യര് വയസായാല്‍ അവരെ വിളിക്കുന്നതാണ് പാഴ്ജന്മങ്ങള്‍,അതെ ഇപ്പൊ നമ്മളൊക്കെ പാഴ്ജന്മാമാടാ ....."

അപ്പോഴേക്കും ബാങ്കൊലി മുഴങ്ങി തുടങ്ങിയിരുന്നു,ഇരുവരും സംസാരം നിര്‍ത്തി പള്ളിയിലേക്ക് തിരക്ക് പിടിച്ചു നടന്നു.....