Friday, November 10, 2017

മഴയുടെ ഭാവങ്ങൾ...

"നീ രാത്രി വല്ലതും അറിഞ്ഞോ..."

എഴുന്നേറ്റപാടെ അടുക്കളയിലെ പുകയിൽ നിന്നും ചോദ്യമുയർന്നു.

എന്തെന്ന ഭാവത്തിൽ ഇനിയും വിട്ട് പോകാൻ കൂട്ടാക്കാത്ത ഉറക്കത്തിൻ ആലസ്യത്തിൽ തല തിരിച്ചു നോക്കി.മറുപടിക്ക് പകരം അടുപ്പിൽ ഊതുന്ന ശബ്ദം മാത്രം.


ഞാൻ ഉമ്മിക്കരി തപ്പിയെടുത്ത് പുറത്തേക്ക് നടന്നു,മുറ്റത്തേക്ക് ഇറങ്ങിയപ്പോളാണ് ഉമ്മയുടെ ചോദ്യത്തിന്റർ പൊരുൾ കിട്ടിയത്.

മഴ നന്നായിട്ട് പെയ്തിട്ടുണ്ട്,അതായിരിക്കാം അവൾ രാത്രിയിൽ എന്റടുത്തു വന്നത്.അവൾക്ക് മഴ വല്യ ഇഷ്ട്ടമാണ്,എനിക്കും...!!!

മഴക്കെന്നുംപ്രണയത്തിന്റെ മുഖമാണ്,വെറുതെയിരിക്കുമ്പോൾ മെസേജുകളുടെ അല്ലെങ്കിൽ ഒരു ഫോൺ കോളിന്റെ രൂപത്തിൽ എന്നെ തേടിയെത്തുന്ന അവളുടെ മുഖം.

മാനം തെളിയുന്നുണ്ട്,ഉണങ്ങിയ രണ്ടു വിറക് കീറി കൊടുക്കാൻ വീണ്ടും അടുക്കളയിൽ നിന്നും ശബ്ദം ഉയർന്നു.


ഉമ്മച്ചിയാണ്...!!!

തലേന്ന് കീറിയ വിറക് മുറ്റത്തു തന്നെ ഇട്ടതിന്റെ പരിണിത ഫലമാണ് അടുക്കളയിൽ ഉയരുന്ന പുകയും നിശ്വാസങ്ങളും.

പാടത്തിനു അക്കരെയുള്ള തോട്ടത്തിൽ രണ്ടു റബ്ബർ മരങ്ങൾ പ്രണയ പരവശരായി നിലം തൊട്ട് കിടക്കുന്നുണ്ട്.അവർക്കും മഴയുടെ പ്രാണഭാവം ഏറ്റെന്നു തോന്നുന്നു.അവർ അവിടെ കിടക്കട്ടെ,ഈർച്ച വാളും മഴുവുമായി ബക്കർ കാക്ക വരുന്ന വരെയുണ്ടാവും ആ കിടപ്പ്.

മുറ്റത്തെ തേന്മാവിൻ നിന്നും അടർന്നു വീണ കൊമ്പിലെ ഒരിളം കൂമ്പില നുള്ളിയെടുത്ത് ഉമ്മിക്കരയുടെ കൂടെ കൂട്ടി ഒരു പിടി പിടിച്ചു.തൈ തെങ്ങിൽ നിന്നും ഒരു ഈർക്കിലിയും ചീന്തിയെടുത്തു തിരിഞ്ഞു നടക്കാൻ നേരം പാടത്ത് നിന്നും ഒരു തവളയുടെ ദയനീയമായൊരു വിളി...!!!

തിരിഞ്ഞു നോക്കിയപ്പോൾ ഒരു നീർക്കോലിപ്പാപ്പന്റെ വായിലിരുന്നു പ്രാണ രക്ഷാര്ത്ഥം അലമുറയിടുന്ന എന്റെ ചങ്ങാതി തവള ചേട്ടൻ.ഒരു കല്ലെടുത്ത് എറിഞ്ഞതും പാമ്പ് ജീവനും കൊണ്ട് പാഞ്ഞു,തവളയും.


"ഇന്ന് ഉച്ചകഴിഞ്ഞും മഴക്കുള്ള സാധ്യത കാണുണ്ട്" കൈ നെറ്റിൽ പിടിച്ചു ആകാശം നോക്കി കാലാവസ്ഥ നിരീക്ഷകനായി നാട്ടിലെ പ്രായം ചെന്ന ചോതി പാപ്പൻ.തലേന്ന് പുഴുങ്ങിയ നെല്ലുണക്കാൻ കഴിയാത്തതിന്റെ വേവലാതി മുഖത്തുണ്ട്.

റോഡിലൂടെ വാക്കത്തിയുമായി ആകാശം നോക്കി പോകുന്ന രണ്ടു ലൈന്മാൻമാരെ കണ്ടപ്പോഴാണ് കറന്റ് ഇല്ലല്ലോ എന്നുള്ളത് ശ്രദ്ധിക്കുന്നത്.ഉച്ച കഴിഞ്ഞു ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കെറ്റ് മാച്ചുണ്ട്.അതിനു മുന്നേ അവർ കറന്റ് ആക്കിയാൽ മതിയായിരുന്നു.മഴത്തുള്ളി മുകളിൽ നിന്നും വരുന്നുണ്ടെന്നു അറിഞ്ഞാൽ ഓടിയൊളിക്കുന്ന വൈദ്യുതി കമ്പിയെ ഞാൻ പുച്ഛത്തോടെ നോക്കി.

ഭീരു...ഹും...!!!

മഴക്കെന്നും നൂറു നൂറ് ഭാവങ്ങളാണ് മുഖങ്ങളാണ്.

പ്രണയത്തിന്റെ
പ്രതികാരത്തിന്റെ
നിരാശയുടെ
സങ്കടത്തിന്റെ
പേടിയുടെ

അങ്ങനെയങ്ങനെ...!!!

No comments:

Post a Comment