Sunday, June 15, 2014

ഒരു സന്ധ്യയും മാഞ്ഞു...

പെയ്തൊഴിഞ്ഞ വാനം നോക്കി ഞാൻ മെല്ലെ തൊടിയിലേക്കിറങ്ങി,മഴ വീണു കുതിർന്ന മണ്ണിലൂടെ കുഞ്ഞു കാലുകൾ പറിച്ചു നടക്കുമ്പോൾ കാല്പാടുകൾ എന്നെ പിന്തുടരുന്ന പോലെ തോന്നി.ഡാ നീ എങ്ങോടാ ആ വെള്ളത്തിലൂടെ കളിച്ചു പോകുന്നെ രാത്രി ആയാൽ കാലു വളം കടിക്കുന്നെന്നു പറഞ്ഞു കരഞ്ഞാൽ നിന്നെ ഞാൻ ശരിയാക്കും...

ഉമ്മയുടെ പിന്നിൽ നിന്നുള്ള ആ പേടിപ്പിക്കൽ കേൾക്കാത്ത മട്ടിൽ മെല്ലെ വീടിനു മുന്നിലുള്ള പാട വരമ്പത്തെക്ക് ഇറങ്ങി,അവിടെ കുഞ്ഞു തവളകൾ എന്റെ നടത്തത്തിനു അനുസരിച്ച് മുന്നിലൂടെ പാടത്തെ വെള്ളത്തിലേക്ക് മുങ്ങാം കുഴിയിട്ട് പോകുന്നു.അതിനിടയിൽ അവയെ മെല്ലെ കയ്യെത്തി പിടിക്കാനുള്ള വിഫല ശ്രമം നടത്തി നോക്കി.കുഞ്ഞു കൈകൾ കൊണ്ട് നിലത്തേക്ക് പൊത്തി നോക്കിയെങ്കിലും ഒരു കടുകുമണി വ്യത്യാസത്തിൽ അവയെന്നെ മറികടന്നു നിറഞ്ഞു കവിഞ്ഞ പാടത്തേക്ക് ചാടി.

അപ്പോഴേക്കും ഞാൻ പാടവരമ്പിലൂടെ നടന്നു അങ്ങേ തലക്കൽ എത്തിയിരുന്നു,ആ അറ്റത്താണ് ഞാനെന്നും കുളിക്കുന്ന തോട് ഒഴുകുന്നത്.ഇത്രയും നാളും ഉണങ്ങി വരണ്ടു കിടന്ന,കുളക്കൊഴിയും കൊക്കുമെല്ലാം ഇരതേടി കൊത്തി നടന്ന തോടിന്നു നിറഞ്ഞു കവിഞ്ഞു ഒരു അരഞ്ഞാണം പോലെ വളഞ്ഞു പുളഞ്ഞു ഒഴുകിയകലുന്നു.ഇനി ഇവിടെ എന്നും വന്നു കുളിക്കണം,മുങ്ങാം കുഴിയിടണം ഓർത്തപ്പോൾ ദേഹമാസകലം കുളിര് കോരി.

ഒരു നീർക്കാക്കയുടെ കുറുകൽ കേട്ട് തിരിഞ്ഞ ഞാൻ കണ്ട കാഴ്ച കരൾ അലിയിക്കുന്നതയിരുന്നു,കഴിഞ്ഞ രാത്രിയിൽ പെയ്ത മഴയിൽ തവള പിടുത്തക്കാർ ഇറങ്ങിയിരുന്നു.അവര് പിടിച്ച തവളകളുടെ തലയും കാല്പാദങ്ങളും വെട്ടി മാറ്റി അവിടെയുള്ള സിമന്റിൻ തറയിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു.അവരുടെ പെട്രോൾ മാക്സിന്റെ വെട്ടം കണ്ടു ഉപ്പയോട്‌ ഞാനും പറഞ്ഞതാ ഊത്ത കയറി കാണും നമുക്കും പോകാമെന്ന് പക്ഷെ ഉപ്പാ പറഞ്ഞു പിന്നീടൊരിക്കൽ ആകാമെന്നു.

ഇനി കൊക്കിനും,കുളക്കൊഴിക്കും,നീർക്കാക്കും എല്ലാം കുശാലായിരിക്കും.അവരുടെ വയറു നിറയുന്ന വരെ ഈ പാടത്ത് ഇരതെടാം.ആരും ചോദിക്കാനും വിലക്കാനും വരില്ല കാരണം ഈ പാടംവും അതിലെ മീനുകളും തവളകളും അവർക്ക് കൂടി അവകാശപ്പെട്ടതാണ്.അല്ല ...അവർക്ക് മാത്രം അവകാശപ്പെട്ടത്.

നേരം സന്ധ്യയാവുന്നു,ആകാശത്ത് കൂടി ഒരു പറ്റം കൊറ്റികൽ വടക്കെവിടെയോ ഉള്ള തങ്ങളുടെ കൂട് തേടി പറന്നകലുന്നു.ഇനി ഇവിടെ നിന്നാൽ ശരിയാവില്ല കാരണം നീർക്കോലിയും പൊട്ടക്കണ്ണൻ പാമ്പും ഇറങ്ങും അവ ഉപദ്രവകാരി അല്ലെങ്കിലും അവയെ കാണുമ്പോ ഒരു വിറയലാണ്.അപ്പോഴേക്കും പാടത്തിന്റെ അക്കരെ വീടിന്റെ തിണ്ണയിൽ നിന്ന് ഉമ്മിയുടെ ശാസന നിറഞ്ഞ വിളി പടിഞ്ഞാറോട്ട് പായുന്ന കാറ്റിനെയും മാറി കടന്നു എന്നെയും തേടി വന്നു തുടങ്ങി...ഇനി ഇവിടെ നിന്നാൽ ശരിയാവില്ല ....

Thursday, December 26, 2013

ചെറു കഥകൾ

അവളെന്നോട് ഒരുനാള്‍ പറഞ്ഞു

"നീയൊരു കുറുങ്കവിത എഴുതേണം"

ഞാന്‍ അവളെ കുറിച്ച് എഴുതി തുടങ്ങി

"നീയെനിക്കിന്നും ഒരു ചുരുളഴിയാത്ത
രഹസ്യമാണ്"

അത് കണ്ട മാത്രയില്‍ അവള്‍ പറഞ്ഞു

"മതി നിര്‍ത്തിക്കോ,ചിലപ്പോള്‍ എന്നെ നീ
ഏഷ്യാനെറ്റിന്റെ വിശ്വസിച്ചാലും ഇല്ലെങ്കിലും
എന്ന പ്രോഗ്രാമില്‍ പരിചയപ്പെടുത്തും ...."

______________________________
തീരാത്ത ജീവിതം:-

അടുപ്പില്‍ തീ ഊതി കണ്ണ് കലങ്ങിയ ഭാര്യയുടെ
അടുത്ത് വന്നു പ്രണയാര്‍ദ്രമയ് അയാള് പറഞ്ഞു

"നീയൊരു ദീപമാണെങ്കില്‍ അതില്‍
വിരിയുന്ന നാളമാണ് ഞാന്‍"

അത് കേട്ട് അവള്‍

"അതെ നിങ്ങള് ഇങ്ങനെ കൂടെ കൂടെ പറഞ്ഞത്
കൊണ്ട് മാത്രം ഈ വീട്ടില്‍
വെളിച്ചം വരൂല്ല.
ഒന്നുകില്‍ പോയി വിളക്കില് ഒഴിക്കാന്‍ മണ്ണെണ്ണ
വാങി വാ
അല്ലെങ്കില്‍ കരന്റ് ബില് അടയ്ക്കാനുള്ള കാശ് താ."

ശരിയാണ് പ്രേമം മാത്രം ഉണ്ടായാല്‍ ജീവിതം നടക്കില്ല
വിശപ്പും മാറില്ല വെളിച്ചവും കിട്ടില്ല.
അയാള്‍ മനസ്സില് ഒരു ഉറച്ച തീരുമാനം
എടുത്തു പുറത്തെ ഇറങ്ങി നടന്നു.

പുറകില്‍ ഭാര്യയുടെ ആവശ്യങ്ങളുടെ ഭാണ്ഡകെട്ടു
അഴിയുന്നത് അകന്നകന്നു വന്നു.

"അതെ തിരികെ വരുമ്പോ കറിക്കുള്ളതും വാങ്ങണേ,
പിന്നെ നമ്മുടെ മോന് എന്തെങ്കിലും ....."

______________________________________
"പ്രിയനേ.."

"മം.."

"നീ മറ്റു പലരെ കുറിച്ചും കഥകളായും കവിതകളായും എഴുതാറുണ്ട്,
പക്ഷെ എന്നെ കുറിച്ച് മാത്രം നിനക്ക് ഒന്നും എഴുതാനില്ലേ...!!!"

"നിന്നെ കുറിച്ച് എഴുതേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല,കാരണം എന്നിലെ മൌനത്തിനു പോലും നിന്നിലെ വാചാലതയുണ്ട്."

"എങ്കിലും എന്നെ കുറിച്ച് നിനക്ക് ഏറ്റവും ചുരുക്കി എഴുതിയാൽ എത്ര വരി വേണ്ടി വരും"

അവളുടെ ആ ചോദ്യത്തിന് മുന്നില്‍ അവന്‍ ഒരു നിമിഷം മൌനം പൂണ്ടു,പിന്നീട് എഴുതി തുടങ്ങി.

"സഖീ ..നിന്നെ കുറിച്ച് എഴുതുവാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍
ഈ ജീവിതം തന്നെ മതിയാവുമെന്നു തോനുന്നില്ല"

"കിറുക്കന്‍"

"അതെ...ഞാനൊരു കിറുക്കനാണ്,അത് നിന്നോട് പ്രണയത്തെ ഒരു കിറുക്ക് ആയിട്ടാണ് തോന്നുന്നതെങ്കില്‍ അതാണ് എനിക്കും ഇഷ്ടം."

_________________________________________________________________
ഒടുക്കത്തെ യാത്ര

"നിങ്ങള്‍ ഇതെന്തു ഭാവിച്ചാണ്,ഞാനും മക്കളും
തനിച്ചാണെന്ന് അറിഞ്ഞുടെ,നേരം വെളുക്കും
മുന്നേ ഒരു പോക്ക് പോയാല്‍ ചിലപ്പോള്‍
വന്നാല്‍ വന്നു അല്ലെങ്കില്‍ പിറ്റെ ദിവസം
ആകണം.നിങ്ങളുടെ ഈ ഒടുക്കത്തെ
യാത്ര കാരണം എനിക്ക് ഒരു സമാധാനവും ഇല്ല,
എന്റെ നെഞ്ചില് തീയാണ്.."
അയാള് എവിടയോ പോയി മടങ്ങി വന്നപ്പോള്‍
ഭാര്യ പരാതി തുടങ്ങി..

"നിന്റെ നെഞ്ചില്‍ തീയാണെങ്കില്‍ എന്റെ
നെഞ്ചില് ഒരു നെരിപ്പോട് പുകയുന്നത്
നീ അറിയുന്നില്ലല്ലോ പ്രിയ ഭാര്യ,കടം കയറി
മുടിഞ്ഞ മുങ്ങാനായി യാത്ര ചെയ്യുന്ന ഒരു കപ്പലാണ് നാം.."

പക്ഷെ അയാളിത് പറഞ്ഞത് മനസ്സിലാണെന്ന് മാത്രം.
പിന്നീട് അയാള് പോയി നല്ല ബിരിയാണിയും കുട്ടികള്ക്ക്
ഐസ് ക്രീമും വാങ്ങി വന്നു.

പിറ്റേ ദിവസം ആ കുടുംബം വാര്‍ത്തകളില്‍ നിറഞ്ഞു

"നാലംഗ കുടുംബം വിഷം കഴിച്ചു ആത്മഹത്യ ചെയ്ത നിലയില്‍"

ഒടുക്കത്തെ യാത്ര ....
 
 

ചിന്തകളും വരികളും

നല്ല ചിന്തകള്‍ ചിന്തിക്കാനെന്ത് രസം,എന്നാല്‍
ചിന്തകള്‍ കാട് കയറിയാലോലലോസരം

മറ്റുള്ളവരെ ഗുണദോഷിക്കാനെന്തു സുഖം,എന്നാല്‍
സ്വന്തം കാര്യം വരുമ്പോള്‍ അതിലില്ല സുഖം

നാട് നന്നാക്കുവാനെന്തു ശുഷ്കാന്തി,എന്നാല്‍
സ്വന്തം വീട്ടിലില്ലാ ആ കാന്തി

പൊങ്ങച്ചം പറയാനെന്ത് ചന്തം,എന്നാല്‍
പോങ്ങനാകുന്നതിലില്ല ഒട്ടുമേ ചന്തം

കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ എന്ത് തൃഷ്ണ,എന്നാല്‍
സ്വന്തം കുറ്റങ്ങള്‍ അംഗീകരിക്കാനില്ലയീ ശ്രദ്ധ

നല്ലൊരു മനസ്സിലുണ്ട് മനുഷ്യത്വമെന്ന വെണ്മ,എന്നാല്‍
അതാണല്ലോ നല്ലൊരു മനുഷ്യന്റെ മേന്മ

എല്ലാം തികഞ്ഞവരായിട്ടു ആരും തന്നെയില്ല,എന്നാല്‍
മനസ്സിലാക്കി മുന്നേറുന്നവരിലോ ഒരല്ലലുമില്ല

തന്നെക്കാളും മുകളിലുള്ളവരെ നോക്കി നെടുവീര്‍പ്പിടും,എന്നാല്‍
താഴെയുള്ളവരെ നോക്കിയാല്‍ ജീവിതമെത്ര സുന്ദരം
___________________________________________________
ഒരു വരി മതി അറിവ് പകരാന്‍
ഒരു ചിരി മതി മനം നിറയാന്‍

ഒരു ചെറു മൌനം മതി ചങ്ക് പിടയാന്‍
ഒരു മധുരമാം വാക്ക് മതി കലഹം മറക്കാന്‍

ഒരു യാത്ര മതി ഒരാളെ അറിയുവാന്‍
ഒരു മാത്ര മതി ഒരാളിൽ നിറയുവാന്‍

ഒരു നല്ല മനസ് മതി സ്വയം നന്നാകുവാന്‍
ഒരു നല്ല ചിന്ത മതി സമൂഹം നന്നാകുവാന്‍

ഒരു ചെറു കാറ്റ് മതി തീനാളം അണയുവാന്‍
ഒരു ചെറു തീപ്പൊരി മതി ലോകം തന്നെ എരിഞ്ഞീടുവാന്‍

ഒരു പിടി ആത്മപ്രത്യയം മതി മുന്നോട്ടുള്ള ഓരോ വിജയത്തിനും
ഒരു പിടി മണ്ണ് മതി നിന്നെ മൂടുവാന്‍ ....

Tuesday, November 5, 2013

കലികാലം

മനുഷ്യര്‍ മൃഗതുല്യനാകുന്ന കാലം
നാം വസിക്കുന്ന ഈ കിരാത കാലം

കാട്ടാള ഹസ്തങ്ങളുടെ പിടിയില്‍ പിടയുന്ന-
നിറങ്ങളെ പോലും തിരിച്ചറിയാത്ത ബാല്യം

സ്വന്തം മക്കളുടെ കൈപിടിയില്‍ നിന്നും
വഴുതി വീഴുന്ന ആര്‍ക്കും വേണ്ടാത്ത വാര്‍ദ്ധക്യം

പിഞ്ചു കുഞ്ഞിന്‍ ചുടു കണ്ണീരും നിലവിളിയും
കണ്ണുനീര്‍ വറ്റിയ അമ്മയുടെ വിലാപവും

ഇവിടെ മാനത്തിന് വില പറയുന്നു ചില കൂട്ടര്‍
മനം കവര്‍ന്നെടുക്കാന്‍ മറ്റൊരു കൂട്ടര്‍

ഓരോ ദിനവും കണ്ണും കാതും ഇറുക്കീയടച്ചു-
ഞാന്‍ നടക്കുന്നു..

എങ്കിലുമവരുടെ നിസ്സഹായത നിറഞ്ഞ
രോദനം എന്‍ കാതില്‍ അലയായ്‌ ഉയരുന്നു

അവര്‍ക്കൂ നല്‍കീടുവാനായ് നമ്മുടെ-
കയ്യിലീ വാക്കുകളും വരികളും മാത്രമോ ???

Friday, September 13, 2013

നഷ്ട ബാല്യം...

ഇളം മാവില കൂമ്പടര്‍ത്തി
ഉമ്മിക്കരിയും കൂട്ടി പല്ല് തേച്ചീടെണം
മാവില്‍ നിന്നും അണ്ണാരക്കണ്ണന്‍
അടര്‍ത്തിയിടും മാമ്പഴം പെറുക്കീടെണം

കൂവും കുയില്‍ നാദത്തിനൊപ്പം
മറുനാദമെനിക്കും കൂവിടേണം
കുഴിയാനകള്‍ കുഴിക്കുന്ന കുഴികള്‍
മൂടി പിന്നെയും നോക്കിയിരിക്കേണം

ഒഴുകും കൊച്ചു തോടിന്നരികിലിരുന്നു
തുപ്പല്‍ കൊടുത്തു പരലുകളെ പറ്റിച്ചീടെണം
തോട്ടിലൂടെ നടന്നു പരലുകളെ പിടിച്ചു
കൊച്ചു കുപ്പിയിലാക്കി നോക്കിയിരിക്കേണം

ഒഴുതു മറിച്ച ചെളിയിലൂടെ നടന്നു
ഞൗണിക്ക പെറുക്കി കളിക്കേണം
തവളകളുടെ ചാട്ടത്തിനനുസൃതമായ്
പാടത്തുടെ ചാടിക്കളിഛീടെണം

നാട്ടു വഴിയിലൂടെ പടര്‍ന്നു കിടക്കും
പുളിയില പിഴിഞ്ഞ് ചാറു കുടിച്ചീടെണം
ഞൊട്ടാഞൊടിയല്‍ കയ്യിലിട്ടു തിരുമ്മി
പഴുപ്പിച്ചു തിന്നീടെണം

ഇതെല്ലാം കഴിഞ്ഞു വീടണയുന്ന നേരം
എന്റുമ്മി തന്നീടും പാണല്‍ വടിയുടെ-
പ്രഹരമേറ്റ് ചുവന്നു തുടുത്തീടുമെന്‍
തുടയില്‍ തടവിയുറക്കെ കരഞ്ഞീടെണം

ഇതെല്ലാം എന്‍ മോഹങ്ങളല്ലോ
ഒരിക്കലും തിരിച്ചു പോയീടാന്‍ കഴിയിലെന്ന-
റിഞ്ഞിട്ടും വെറുതെ മാടി വിളിക്കുന്നു
ബാല്ല്യ കാലമെന്ന മോഹം ..





Sunday, August 25, 2013

ഉറക്കം

ഉറക്കമെന്നാലതെന്താണ്
ഉറക്കമെന്നാൽ രണ്ടു മിഴികളുമടക്കുന്നതോ
ഉറങ്ങുവനെല്ലാവർക്കുമൊരൊ കാരണം
ഉറങ്ങാൻ കഴിയാതെ ചിലർ
ഉറങ്ങിക്കൊതി തീരാതെ ചിലർ
ഉറക്കം വരാത്ത രാത്രികളെ പഴിപറഞ്ഞു
ഉറക്കത്തെ തേടി രാത്രിയിലിറങ്ങി
ഉറങ്ങുന്നവരുടെ പോലും
ഉറക്കം കെടുത്താനിറങ്ങുന്നു ചിലർ
ഉറക്കം തുടങ്ങിയ വീട്ടുകാരറിയാതെ
ഉറക്കം കളഞ്ഞു പുറത്തിറങ്ങുന്ന ചിലർ
ഉറക്കം തൂങ്ങുന്ന രാവിനെ കീറിമുറിച്ചു
ഉറങ്ങാതെ കാത്തിരിക്കുന്ന തൻ പ്രിയതമയുടെ ചാരെ
ഉറങ്ങാത്ത രാവുകൾ തീർക്കുന്നു
ഉറക്കത്തെ തോൽപ്പിക്കുന്ന രീതിയിൽ
ഉറക്കം നടിക്കും സമൂഹം
ഉറക്കം തൂങ്ങും രാഷ്ട്രീയം
ഉറക്കത്തിലമര്‍ന്നു വികസനം
ഉറങ്ങുന്നു പലരും
ഉറങ്ങുന്നപോലുറങ്ങീടുന്നു പലരും
ഉറങ്ങുന്നവരെ  ഉണര്‍ത്താനാകുമെന്നാല്‍
ഉറക്കം നടിക്കുന്നവരെയുണര്‍ത്താനാകുമോ
ഉറങ്ങണമൊരാണ് ദിനമാറ് മണിക്കൂര്‍
ഉറങ്ങീടെണമൊരു നാരി ദിനമഞ്ചു മണിക്കൂര്‍
ഉറക്കം  ആരോഗ്യത്തിന് വേണ്ടിയെന്നാല്‍
ഉറക്കം അധികമായാലവന്‍റെ അവസാന
ഉറക്കമായെന്നു വരാം,ആ-
ഉറക്കമല്ലോ മരണം

Tuesday, August 20, 2013

ഞാന്‍ അവന്‍റെ കൂടെ ഇറങ്ങി വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു.എങ്ങനെ ആണ് എവിടുന്നു ആണ് എനിക്ക് ആ ധൈര്യം കിട്ടിയത്,
എന്‍റെ വീട്ടുകാരെയും എന്നെ പോന്നു പോലെ നോക്കിയ പപ്പയെയും മമ്മയെയും എന്‍റെ പ്രിയ കുഞ്ഞനുജനെയും ധിക്കരിച്ചു അന്ന് ഞാന്‍
വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ എനിക്ക് എവിടുന്നോ കിട്ടിയ ഒരു മനോ ധൈര്യത്തില്‍ ആണ്  എന്‍റെത് മാത്രമെന്ന് ഞാന്‍ വിശ്വസിക്കുന്ന എന്‍റെ പ്രിയ തമന്‍റെ കൂടെ ഇറങ്ങി തിരിച്ചത്.

ചിലപ്പോള്‍ എനിക്ക് അന്ന് കൈ വന്ന ധൈര്യം എന്‍റെ പ്രിയന്‍റെ സ്നേഹ പരിളാണനമാകാം.എന്ത് വന്നാലും എന്നെ പോന്നു പോലെ നോക്കാന്‍ ആണൊരുത്തന്‍ ഉണ്ടെന്നുള്ള അഹങ്കാരമാകാം.അന്ന് ഞാന്‍ കോളെജിലേക്ക് എന്നും പറഞ്ഞു എന്‍റെ മമ്മയുടെ കവിളത്ത് ഒരു മുത്തം കൊടുത്തു അവസാന യാത്ര പറഞ്ഞു വീടിന്‍റെ പടി ഇറങ്ങുമ്പോള്‍ അമ്മ ഒന്ന് പുറകില്‍ നിന്നും വിളിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ എന്‍റെ ആ തീരുമാനം മാറ്റിയേനെ.പക്ഷെ എനിക്കൊന്നു തിരിഞ്ഞു നോക്കാന്‍ പോലുമായില്ല,കാരണം കണ്ണ് നിറഞ്ഞു കാഴ്ച മങ്ങിയിരുന്നു.

എനിക്ക് അന്ന് നിര്‍ബന്ധമായും കോളേജില്‍ പോകേണ്ടിയിരുന്നത്‌ കൊണ്ട് പപ്പയും അനുജനും കൂടിയാണ് പുതിയ കാര്‍ വന്നത് എടുക്കാനായി എന്നെ കൂട്ടാതെ പോയത്.അത് കൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ ഈ മരുഭൂമിയില്‍ തനിച്ചു ആയതും.എന്നെയും കാത്തു ടൗണില്‍ നിന്ന എന്‍റെ പ്രിയപ്പെട്ടവന്‍റെ കൂടെ അന്ന് തുടങ്ങിയ യാത്ര എത്തി നില്‍ക്കുന്നത് നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന ഈ  മരുഭൂമിയില്‍.

ആദ്യമൊക്കെ അദ്ദേഹത്തിന്‍റെ ഉപ്പയും ഉമ്മയും എതിര്‍ത്തെങ്കിലും ഞാന്‍ മതം മാറാം എന്ന ഉപാധിയില്‍ അവര്‍ അംഗീകരിക്കുകയായിരുന്നു.അവരെയും കുറ്റം പറയാന്‍ പറ്റില്ലല്ലോ.പക്ഷെ എന്‍റെ എല്ലാ സങ്കടവും തീര്‍ക്കുന്ന തരത്തിലുള്ള പരിചരണമാണ് ആ വീട്ടില്‍ നിന്നും എനിക്ക് ലഭിച്ചത്.അതിനടയില്‍ അദ്ദേഹത്തിന് ഗള്‍ഫില്‍ ഒരു ജോലി ശരിയാവുകയും,ഇവിടെ വന്നു ഏതാനും മാസങ്ങള്‍ക്ക് ശേഷം ഞാനും പറന്നു എന്‍റെ പ്രിയതമന്‍റെ ചാരത്തേക്ക്‌.

പിന്നീടുള്ള വന്നത് എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകള്‍ ആയിരുന്നു.ലോകത്തെ ഏറ്റവും സന്തോഷവതിയായ ഭാര്യ ഞാന്‍ ആണ് എന്ന് അഹങ്കരിച്ചു.കാരണം അത്രക്കും പ്രിയതരമായിരുന്നു എന്‍റെ പ്രിയന്‍റെ ഒപ്പമുള്ള ഓരോ ദിനവും.അതോടു കൂടി വീട്ടുകാരെ കുറിച്ചുള്ള എന്‍റെ വേദന നിറഞ്ഞ ഓര്‍മ്മകള്‍ എന്നില്‍ നിന്നും മാഞ്ഞു തുടങ്ങി,ഞാന്‍ പോലും അറിയാതെ അവരുടെ മുഖം എന്‍റെ മനസ്സില്‍ നിന്നും മാഞ്ഞു തുടങ്ങി.

അതിനിടയില്‍ ആണ് ഞങ്ങളുടെ സന്തോഷത്തിനു ഇരട്ടി മധുരം നല്‍കി ഞങ്ങളുടെ സ്വര്‍ഗ തുല്യമായ ജീവിതം പങ്കിടാന്‍ പെണ്‍കുഞ്ഞിന്‍റെ രൂപത്തില്‍ ഒരു മാലഖ പിറക്കുന്നത്‌.അവള്‍ക്കു എന്‍റെ ഇക്കാക്ക നസ്രിയ എന്ന പേരും ഇട്ടു.അവളിലൂടെ ഞങ്ങള്‍ ഞങ്ങളുടെ പുതിയ ലോകം കണ്ടു.അവള്‍ക്കു മാത്രമായ് പിന്നീട് ഞങ്ങളുടെ ജീവിതം,അത് പക്ഷെ ഒരുപാട് നാള്‍ നീണ്ടു നിന്നില്ല.ഞങ്ങളുടെ മാലാഖയെയും കൂട്ടി ഞങ്ങളുടെ ഉപ്പയെയും ഉമ്മയേയും കാണുന്നതിനു വേണ്ടി നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയും അതിന്‍റെ ആവശ്യങ്ങള്‍ക്ക് ആയി അദ്ദേഹം തന്‍റെ വണ്ടിയില്‍ എനിക്കും ഞങ്ങളുടെ
മാലാഖക്കും ഓരോ മുത്തവും തന്നു യാത്ര ആയതു ഒരു വൈകുന്നേരം ആയിരുന്നു.

അന്ന് എന്നേയും കുട്ടിയേയും കൂടെ കൂട്ടാം എന്ന് തീരുമാനിച്ചു ഇരുന്നെങ്കിലും കൂടുകാരന്‍ കൂടെ ഉണ്ട് എന്നും പറഞ്ഞു അദ്ദേഹം തന്നെ അത് മാറ്റി.സമയം രാത്രി ഒന്‍പതു മണി,പോയിട്ട് വരേണ്ട സമയം അതിക്ക്രമിച്ചിരിക്കുന്നു.ഒന്ന് വിളിച്ചത് പോലുമില്ലല്ലോ ഇക്ക,ഞാന്‍ ചിന്തിച്ചു ഇടയ്ക്കു എപ്പോഴോ ഞാന്‍ അങ്ങോടു വിളിച്ചു പക്ഷെ മൊബൈല്‍ സ്വിച് ഓഫ് എന്നാണ് പറയുന്നത്.

എത്ര ആവശ്യം ഉണ്ട് എങ്കിലും ഇടയ്ക്കു എന്നെ വിളിക്കാതിരുന്നിട്ടില്ല,കാത്തിരുന്നു വാവയും ഉറങ്ങി.എന്‍റെ മനസ്സില്‍ ഭയത്തിന്‍റെ കണികകള്‍ ഉരുണ്ട് കൂടി.അല്‍പ്പ സമയത്തിനു ശേഷം ഫ്ലാറ്റിനു താഴെ കാര്‍ വന്ന ശബ്ദം കേട്ടെങ്കിലും ഇക്കാക്ക ആയിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് ഞാന്‍ നോക്കാന്‍ പോയില്ല.ഇന്ന് ഇങ്ങോട് വരട്ടെ അവന്‍ വെച്ചിട്ടുണ്ട്.അങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോഴാണ് കോളിംഗ് ബെല്‍ അടിച്ചത്.ഞാന്‍ പരിഭവം മുഴുവന്‍ എന്‍റെ മുഖത്ത് വരുത്തി മെല്ലെ ഡോര്‍ തുറന്നു.

പക്ഷെ ഞാന്‍ ഉദ്ദേശിച്ച മുഖം അല്ല അവിടെ കണ്ടത്,ഇക്കാക്കാടെ ഒപ്പം ജോലി ചെയ്യുന്ന ഒരു കൂട്ടുകാരന്‍ ഇക്കയും അദ്ധേഹത്തിന്‍റെ കുടുംബവും.എന്നെ കണ്ട മാത്രയില്‍ അവര്‍ എന്‍റെ നേരെ വളരെ ദയനീയതയോടെ നോക്കി.അത് ഞാന്‍ കാണാത്ത ഭാവത്തില്‍ അവരെ അകത്തേക്ക്ക്ഷണിച്ചു.അവര്‍ അകത്തേക്ക് കയറി വന്നു എന്നോടായി പറഞ്ഞു.

അതെ..നീ വിഷമിക്കരുത്..

എന്തെ എന്ന ഭാവത്തില്‍ മുഖത്ത് ചിരി വരുത്തിക്കൊണ്ട് അവരുടെ നേരെ നോക്കി.

അത്..നിന്‍റെ ഇക്ക വരുന്ന വഴിയില്‍ ഒരു ആക്സിഡന്റ് പറ്റി...

പിന്നീട് അവര്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് മുഴുവനായ് കേള്‍ക്കാന്‍ കഴിഞ്ഞില്ല.അപ്പോഴേക്കും എന്‍റെ ബോധം മറഞ്ഞിരുന്നു.ഇന്ന് ഈ മരുഭൂമിയില്‍ ഞാനും എന്‍റെ കുഞ്ഞും തനിച്ചു ആയിരിക്കുന്നു.അന്ന് ഇക്കാക്കയുടെ ചലനമറ്റ ശരീരത്തില്‍ വീണു എനിക്ക് ഒന്നേ ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളൂ..

എന്തിനാ ഇക്കാക്കാ ഞങ്ങളെയും കൂടെ കൂട്ടാതെ പോയത്,ഞാന്‍ പറഞ്ഞതല്ലേ ഞങ്ങളും വരാന്ന്,ദേ..ഇക്കാക്കാ നമ്മുടെ വാവ വിളിക്കുന്നത് കേള്‍ക്കുന്നില്ലേ...!!!

പിന്നെ എല്ലാം യാന്ത്രികമായിരുന്നു,കമ്പനിയില്‍ നിന്നും എന്‍റെ ഇക്കയുടെ പേരില്‍ കിട്ടിയ നഷ്ട പരിഹാര തുക എത്രയെന്നു പോലും നോക്കിയില്ല.അത് വേണ്ടാ എന്ന് ഞാന്‍ കാലു പിടിച്ചു അവരോടു പറഞ്ഞതാണ്.അത് എന്‍റെ ഇക്കാക്കാന്‍റെ ചോരയുടെ വിലയാണ്,എങ്ങനെ സ്വീകരിക്കും.പക്ഷെ ആരോ എന്‍റെ ബാഗില്‍ തിരുകി.

നോക്കെത്താ ദൂരത്തു ഞാനും എന്‍റെ കുഞ്ഞു മാലാഖയും തനിച്ചാണ്..എന്താണ് ഈ ഗതി എനിക്ക് വന്നത് .ഞങ്ങളുടെ സന്തോഷം ദൈവത്തിനു ഇഷ്ടപ്പെട്ടുകാണില്ലേ...അതോ ഉറ്റവരുടെ ശാപമോ..!!!