Friday, May 17, 2013

പേര് വരുത്തി വെച്ച പൊല്ലാപ്പു....

എന്‍റെ ബാല്യ കാലത്തിൽ നടന്ന ഒരു സംഭവം ആണ് ഞാൻ ഇവിടെ പറയുന്നത്.എന്‍റെ വീട്ടില് ഞങ്ങള് മക്കള്‍ നാല്.നൗഷാദ്,നിസ,നിസാർ പിന്നെ ഈ എളിയവനും.ഞാനും എന്‍റെ തൊട്ടു മുകളിലുള്ള ജ്യേഷ്ടൻ നിസാറും ഒരു വയസിന്‍റെ വ്യെത്യാസമേ ഉള്ളൂ.ഞങ്ങള് മദ്രസയില് പഠിക്കുന്ന കാലം(ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത് )വെളുപ്പിനെ മദ്രസ തുടങ്ങും.അക്കാലത്തു എന്‍റെ വാപ്പ ഒരു ചെറിയ ഹോട്ടലും പലചരക്കു കടയും നടത്തിയിരുന്നു.

ഒരു വെളുപ്പാൻ കാലം,അന്ന് ഞങ്ങളോട് മദ്രസയില് പോകേണ്ടാന്നു വാപ്പ പറഞ്ഞിട്ടുണ്ട് കാരണം അന്ന് കൊച്ചുപ്പാടെ പുതിയ വീടിന്റെ പാല് കാച്ചു ആണ്.രാവിലെ തന്നെ വാപ്പയും ഉമ്മയും ഹോട്ടലിലേക്ക് പോയി.

കൊച്ചാപ്പാടെ വീട്ടില് പോകാൻ നേരമായപ്പോൾ എന്‍റെ ജ്യെഷ്ടൻ നിസാറിനെ കാണ്മാനില്ല.ഞങ്ങൾ ആദ്യമൊക്കെ അവിടെ കാണുമെന്നോർത്തു അത് കാര്യമാക്കിയില്ല.കുറച്ചു കഴിഞ്ഞിട്ടും കാണാഞ്ഞിട്ട്‌ ഞങ്ങൾക്ക് ആദിയായി.പിന്നെ പെട്ടെന്നായിരുന്നു,വാർത്ത കാട്ടു തീ പോലെ നാട്ടിലാകെ പരന്നു.

നാട്ടുകാര് മൊത്തം ആ വാർത്ത‍ അറിഞ്ഞു ഞങ്ങളുടെ വീടിനു മുൻവശത്ത് കൂടി.എല്ലാവരും ചർച്ചയായി.ഒടുവിൽ എല്ലാരും നാലായി തിരിഞ്ഞു നാല് ദിക്കിലെക്കുമായി പോയി.തിരയാത്ത ഒരിടവുമില്ല,കുളങ്ങള് പഴയ കിണറുകള് എല്ലാത്തിലും ആളുകള് ഇറങ്ങി തിരഞ്ഞു പക്ഷെ ആളെ കിട്ടിയില്ല.ഓരോ കുളത്തിലും പരതുമ്പോൾ ഞങ്ങള് മനമുരുകി പ്രാർഥിച്ചു അവിടെയൊന്നും ഉണ്ടാകല്ലെയെന്നു.അതിനീടയിൽ ആരോ ഒരാള് മദ്രസയിൽ പോയി ഉസ്താതിനോട് ചോദിച്ചു ഇല്ല എന്ന മറുപടിയാണ്‌ അവിടുന്ന് കിട്ടിയത്.

അന്വേഷിച്ചു പോയവര് മടങ്ങി വന്നു തുടങ്ങി എല്ലാവരുടെയും മുഖത്ത് സങ്കടവും നിരാശയും മാത്രം.ഉമ്മ സങ്കടം സഹിക്കാൻ വയ്യാതെ കരച്ചില് തുടങ്ങിയിരിക്കുന്നു.അത് കണ്ടു ഞാനും ഇത്താതയും ഇക്കയും വലിയ വായില് കരയാൻ തുടങ്ങി.ഇനീയെന്തു ചെയ്യും?എല്ലാവരും പരസ്പരം ചോദിച്ചു.

അങ്ങനെ സമയം ഇഴഞ്ഞു നീങ്ങി,ശ്മശാന മൂകമായ ഒരു അന്തരീക്ഷം അവിടെ തളം കെട്ടിക്കിടന്നു.

ട്രിണീം...ട്രിണീം ..

പെട്ടന്നൊരു ഒരു സൈക്കിളിന്‍റെ മണിയടി കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി,ആർക്കും തങ്ങളുടെ കണ്ണുകളിൽ വിശ്വസിക്കാനായില്ല.എളാപ്പയുടെ സൈക്കിളിന്‍റെ മുന്നിലേറി ഇത്രയും നേരം കാണ്മാനില്ല എന്ന് പറഞ്ഞ ആള് വരുന്നു.എല്ലാവരും കണ്ണുകൾ ഒരുവട്ടം കൂടി അടച്ചു തുറന്നു ഇവൻ എവിടെ പോയിരുന്നു ഇതുവരേം.

കാര്യമിതാണ്‌ എന്‍റെ ജ്യേഷ്ടന് രണ്ടു പേരിലാണ് അറിയപ്പെടുന്നത് ഒന്ന് മുകളിൽ പറഞ്ഞ നിസാർ എന്ന പേരും രണ്ടാമത് വെല്ലുപ്പയുടെ ഓർമയ്ക്ക് വേണ്ടി ഇട്ട പരീത് എന്ന പേരും.പരീത് എന്ന പേര് വീട്ടിലും പിന്നെ മദ്രസയിലും മാത്രമേ അറിയൂ.കാരണം മദ്രസയിൽ ചേർത്തപ്പോൾ പറഞ്ഞ പേര് പരീത് എന്നായിരുന്നു.

ഇത് അന്വേഷിച്ചു ചെന്ന ഞങ്ങളുടെ ബന്ധുവിന് അറിയില്ലാര്‍ന്നുഇങ്ങനെ ഒരു പേരുള്ള കാര്യം.അദ്ദേഹം ഉസ്താതിനെ കണ്ടു നിസാർ എന്നാണ് ചോദിച്ചത്.പരീതാണെന്ന് മനസ്സിലാകാതെ ഉസ്താത് ഇല്ലെന്നും പറഞ്ഞു.പിന്നീട് രണ്ടാമതാണ്‌ എളാപ്പ ചെല്ലുന്നത്,എളാപ്പയും നിസാര് വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോ പതിവ് പോലെ ഉസ്താത് പറഞ്ഞു ഇല്ല എന്ന്.അപ്പൊ അപ്പുറത്ത് ഉണ്ടായിരുന്ന എന്‍റെ ജ്യേഷ്ടൻ എളാപ്പയുടെ സൗണ്ട് കേട്ട് കടന്നു വന്നു.അങ്ങിനെ നിസാരിനേം പൊക്കി വീട്ടിലേക്കു വന്നു.പിന്നീട് ഞങ്ങള് കുടുംബക്കാര് കൂടുന്നിടത്തൊക്കെ പറഞ്ഞു ചിരിക്കാൻ ഒരു വകയായി.

എല്ലാവർക്കും സന്തോഷ സൂചകമായി എന്‍റെ വാപ്പ ഓരോ ചായയും ഒരു കഷ്ണം പുട്ടും കൊടുത്തു എന്ന് പിന്നീട് ആരോ പറയുന്നത് കേട്ടു,നേരാണോ ആവോ,എന്തായാലും എനിക്ക് കിട്ടീല്ല...സത്യം.....

Wednesday, May 15, 2013

കവിത

ഇടവഴിയിൽ പതിയിരിക്കും
ചുവന്നു തുടുത്ത കണ്ണുകൾ

ഇളം മേനിയിൽ കാമം തീർക്കുന്നവർ
കാമ വെറി പൂണ്ട കാപാലികർ

കാത്തിരിക്കുന്ന വിപത്ത് അറിയാതെ
നിഷ്കളങ്കമാം  പിഞ്ചു ബാല്യങ്ങൾ

ചോക്ലേറ്റിന്‍ മധുരിമയില്‍ തുടങ്ങും സൗഹൃതം
മരണം വരെ കൈയ്ക്കും കാഞ്ഞിരം

നിയമം  നോക്ക്കുത്തിയാകും കാലം
സദാചാരം ചമയും സമൂഹം

മാധ്യമ വേശ്യകള്‍ക്ക് വെറുമൊരു പീഡനം
അച്ഛനമ്മമാര്‍ക്കോ തീരാ നൊമ്പരം

എവിടെ നോക്കിയാലും പീഡനം
അച്ഛന്‍ മകളെ,മാഷ്‌ വിദ്യാര്‍ത്തിയെ


മാപ്പ് തരൂ സോദരീ മാപ്പ്
ഇതെല്ലാം കണ്ടു
കണ്ണ് നീർ വാർക്കുവാനേ കഴിയൂ....






Tuesday, May 14, 2013

എന്റെ പുന്നാര ഉമ്മച്ചി എനിക്ക് നല്കിയ രണ്ടാം ജന്മം

 കുളങ്ങളും തോടുകളും നിറഞ്ഞു ഒഴുകുന്ന നല്ല ഒരു പെരും മഴക്കാലം.നന്നേ ചെറുപ്പം,ഞാൻ അന്ന് സ്കൂളിലൊന്നും പൊയി തുടങ്ങിയിരുന്നില്ല.നല്ലൊരു മഴ തോർന്ന സമയത്താണ് വീടിന്റെ അടുത്തുള്ള ഹാജ്യാരുടെ വലിയ കുളത്തില് ഞാനും ഉമ്മയും കുളിക്കാൻ പോയത്.കുളം നിറഞ്ഞു കിടക്കുന്നു,കുളത്തിന്റെ ഒരു വശത്തായിട്ട് സിമന്റു തറയുണ്ട് അവിടെ ആണ് ഞങ്ങളുടെ അലക്കും കുളിയും.അന്ന് ഉമ്മാക്ക് ഒരുപാട് അലക്കാനുണ്ടായിരുന്നു.ഉമ്മ അലക്കുന്നത്‌ കണ്ടു ഞാനും ഒരു ഷാള് എടുത്തു വെള്ളത്തില് ഇട്ടു മുക്കി സമയം കളഞ്ഞു.

പെട്ടെന്നാണ് ഷാള് മുക്കിയും പൊക്കിയും നിന്ന ഞാൻ വെള്ളത്തിലേക്ക്‌ ഊളിയിട്ടു പോയത്.എന്താണെന്നു എനിക്കോ ഉമ്മച്ചിക്കൊ മനസിലായില്ല.അപ്പോഴേക്കും ഞാൻ ആഴമുള്ള കുളത്തിന്റെ അടിത്തട്ടിലേക്ക് കൂപ്പു കുത്തിയിരുന്ന്.ഉമ്മച്ചി ഇത് കണ്ടു സഹായത്തിനായിട്ടു ചുറ്റും വിളിച്ചു നോക്കി.തൊട്ടു അപ്പുറത്ത് രണ്ടു പെണ്ണുങ്ങള് സൊറ പറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ഉമ്മയുടെ തൊണ്ട ഇടറിയുള്ള നിലവിളി അവർ കേട്ടില്ല.

പിന്നെ ഉമ്മ ഒന്നും ആലോചിച്ചില്ല ചാടി കുളത്തിലേക്ക്‌,അടിത്തട്ടില് കിടക്കുന്ന എന്നെയും പൊക്കി മുകളിൽ വന്നു സിമന്റും തറയിൽ കിടത്തി.അപ്പഴേക്കും ഞാൻ ഒരുപാട് വെള്ളം അകത്താക്കിയിരുന്നു.ഉമ്മ ഒരു വിതത്തില് ഞാൻ കുടിച്ച വെള്ളം പുറത്തു കളഞ്ഞു എന്നെ എഴുന്നെപ്പിച്ചു ഇരുത്തി.ഞാൻ പേടിയോടെ കുളത്തിലേക്കും നോക്കി വിറയലോടെ ഏങ്ങി കരഞ്ഞു കൊണ്ടിരുന്നു.അന്ന് എന്നെ കെട്ടിപ്പിടിച്ചു ഉമ്മയും ഒരുപാട് കരഞ്ഞു .അങ്ങനെ എനിക്ക് എന്റെ പുന്നാര ഉമ്മച്ചി ഒരു ജന്മം കൂടി ദാനമായി നല്കി.അന്ന് ഉമ്മാക്ക് നീന്താൻ അറിയാവുന്നത് കൊണ്ട് എന്റെയും ഉമ്മയുടേം ജീവൻ തിരിച്ചു കിട്ടി.

ഇപ്പഴും അതോർക്കുമ്പോൾ മനസ്സില് പേടി തോന്നും,പിന്നീട് ഉമ്മച്ചി തന്നെ നീന്തൽ പടിപ്പിച്ചെങ്കിലും നല്ല ആഴമുള്ള കുളമോ പുഴയോ കണ്ടാൽ ഇപ്പഴും ഒരു ചെറിയ ഭയം ഉള്ളിലുദിക്കും.ഇതിനൊക്കെ പകരമായിട്ട് എന്റെ പുന്നാര ഉമ്മച്ചിക്ക് ഞാൻ എന്ത് കൊടുക്കും?എന്ത് കൊടുത്താലും മതി വരില്ലാന്ന് എനിക്കറിയാം.കാരണം അന്ന് എനിക്ക് എന്റെ ഉമ്മ നല്കിയത് രണ്ടാം ജന്മം ആയിരുന്നു.

റബ്ബേ എന്റെ ഉമ്മാക്ക് നീ ദീർഘായുസും ആയുരാര്യോഗ്യവും നല്കണേ .....

Saturday, May 11, 2013

നസീർ കൂവള്ളൂർ:-ഒരു പ്ലസ് കാലത്തെ എട്ടിന്റെ പണി

ഇന്നെന്താ നീ ഇത്രേം നേരത്തെ റെഡി ആകുന്നെ,എന്താ പരിപാടി ?

പതിവിലും നേരത്തെ ക്ലാസില് പോകാൻ റെഡിയാകുന്ന എന്നെ നോക്കി ഉമ്മ ആശ്ചര്യത്തോടെ ചോദിച്ചു.

ഇന്ന് സ്പെഷ്യൽ ക്ലാസ്സുണ്ട് ഉമ്മ,വെക്കം ചായ എടുത്തു വെക്ക് എനിക്ക് 7.30 ന്‍റെ  ബസ്സിനു പോകണം.

ഉമ്മ എടുത്തു വെച്ച ചായ ധൃതിയിൽ കഴിച്ചെന്നു വരുത്തി ബാഗും എടുത്തു ഇറങ്ങി ഓടി.

മോനെ ഉച്ചക്ക് കഴിക്കാനുള്ള ചോറ് കൊണ്ട് പോകൂ...

വേണ്ട ഉമ്മ ബസ്സ്‌ ഇപ്പൊ വരും ഞാൻ പുറത്തുന്നു കഴിച്ചോളാം...ഉമ്മ ഞാൻ പോകുന്നതും നോക്കി വാതിൽക്കല് നിന്നു 

ഇന്ന് സ്പെഷ്യൽ ക്ലാസ്സോന്നുമില്ല.ഞാൻ കള്ളം പറഞ്ഞു പോയത് ടൌണിലെ തിയേറ്ററിലെക്കയിരുന്നു,അവിടെ ഇന്ന് ദിലീപിന്‍റെ  ഒരു പൊളപ്പൻ പടം ഓടുന്നുണ്ട്.

ടൗണിൽ ബസ്സിറങ്ങി നേരെ പോയത് എന്നെയും കാത്തു തിയേറ്ററിന്‍റെ അടുത്ത് നില്ക്കുന്ന എന്‍റെ രണ്ടു സഹാപാടികളുടെ അടുത്തേക്കാണ്‌ .അവര് മാത്രേയുള്ളൂ ബാക്കിയുള്ള കൂട്ടുകാര് അറിഞ്ഞാല്‍ പിന്നെ എല്ലാരും കൂടി പടയിളകി വരും പിന്നെ പിറ്റേ ദിവസം സ്കൂളിലോട്ട് ചെല്ലണ്ട .മുൻപ് ഇങ്ങനെ ഒരു അബദ്ധം പിഞ്ഞതാ,അന്ന് പ്രിൻസിപ്പലിന്‍റെ കാലു പിടിച്ചിട്ടാണ് വീട്ടീന്ന് ആളെ വിളിക്കാതെ ക്ലാസില് കയറിയത്.ഇത്തവണ എന്തായാലും അങ്ങനെ ഉണ്ടാവാതിരിക്കാൻ വേണ്ടി ഞങ്ങള് ആരേം അറീക്കാതെയാണ് വന്നിരിക്കുന്നത്.

ഞാൻ നേരെ പോയി ടിക്കറ്റ് കൗണ്ടറില്‍  മണിക്കൂറുകൾ ക്യു നിന്ന ശേഷം ടിക്കറ്റ് സങ്കടിപ്പിച്ചു  സിനിമക്ക് കേറി(തിരക്ക് കാരണം രാവിലെ പൊയ് ക്യു നിക്കണതാ) .തിയേറ്ററിൽ കേറിയ ഞാൻ ആകെ ഒന്നും ചുറ്റും കണ്ണോടിച്ചു ബാക്കിലെ സീറ്റ് ഫുൾ ആണ്.പിന്നെ കിട്ടിയ സീറ്റിൽ ഞങ്ങൾ മൂന്നു പേരും ഇരിപ്പുറപ്പിച്ചു.സിനിമ തുടങ്ങാൻ ഇനീം കുറച്ചു സമയം കൂടി ഉണ്ട്.

ഡാ..നസീറേ...പെട്ടെന്ന് എന്നെ ആരോ വിളിച്ചു.
 പടച്ചോനെ ആരോ ന്‍റെ പേര് വിളിക്കുന്നു,പുറകീന്നാണല്ലോ ആ വിളി,ഞാൻ തിരിഞ്ഞു നോക്കാതെ കുനിഞ്ഞു ഇരുന്നു.പിന്നേം ആ വിളിയും ഒരു ആരവവും.നല്ല കേട്ട് പരിചയിച്ച ശബ്ദം.പിന്നേം വിളിക്കുന്നോണ്ട് ഞാൻ പയ്യനെ തിരിഞ്ഞു നോക്കി ചെറിയ ലൈറ്റ് വെട്ടത്തില് പുറകില് കണ്ട കാഴ്ച എന്നെ വെല്ലാതെ ഞെട്ടിച്ചു കളഞ്ഞു.എന്റെ ക്ലാസ്സിലുള്ള സകല പിള്ളാരും കുറ്റീം പറച്ചു വന്നേക്കുന്നു,ഒന്ന് രണ്ടു പഠിപ്പിസ്റ്റ് പിള്ളാര്‌ ഒഴിച്ച് ബാക്കി എല്ലാരും ഉണ്ട് പുറകില്.ഇവന്മാര് എപ്പ വന്നു കേറി എന്ന് മാത്രം ഞങ്ങള്ക്ക് അറിയില്ല.എന്തായാലും പണിപാളി.

പിറ്റെ ദിവസം സ്കൂളിൽ ചെന്ന ഞങ്ങളെ നോക്കി പ്രിൻസിപ്പാള് സസ്പെൻഷെൻ ഓർഡറുമായി ക്ലാസ്സിന്‍റെ വാതിൽക്കൽ നിപ്പുണ്ടാര്‍ന്നു,കൂടെ ഒരു ആക്ഞ്ഞയും നാളെ പെരന്‍റ്സിനേം കൂട്ടി ക്ലാസ്സില് വന്ന മതീ...

പടച്ചോനേ...


പ്രവാസത്തിലേക്കു ഒരു വിസ...

വളരെ ചെറുപ്പം മുതലുള്ള എന്റെ ആഗ്രഹങ്ങളിലോന്നായിരുന്നു പ്രവാസി ആകുകാ എന്നത്.ക്ഷെമിക്കണം പ്രവാസിയല്ല ഒരു ഗൾഫുകാരൻ അതാകും എന്റെ ആഗ്രഹിത്തിനു ചേരുന്ന പേര്.(ഗൾഫുകാരൻ എന്നു പറഞ്ഞത് എന്താന്ന് വെച്ചാല് അന്ന് പ്രവാസി എന്ന നാമം എനിക്ക് അന്യമായിരുന്നു).ആ ആഗ്രഹിത്തിനു തക്കതായ കാരണവും ഉണ്ട്,എന്റെ കുടുംബത്തില് ആണായി പിറന്നവരെല്ലാം തന്നെ അക്കാലത്തു ഗുൽഫിലായിരുന്നു,അത് കണ്ടപ്പോ എനിക്കും ഒരു പൂതി,എങ്ങനെയെങ്കിലും ഗൾഫിൽ പോകണം നാല് കാശ് ഉണ്ടാക്കണം എന്നൊക്കെ.

പിന്നീടു കുട്ടിക്കാലം വിട്ടു യെവ്വനത്തിലേക്ക് കടന്ന ഞാൻ എപ്പോഴോ മുറിച്ചു എറിയാൻ പറ്റാത്ത ചില ബന്ധങ്ങളുടെ പേരില് എന്റെ ഗൾഫ്‌ എന്ന സ്വപ്നം മനപ്പൂർവമാല്ലാതെ മറന്നു കളഞ്ഞു.യെവ്വനം എന്ന ആ സുവർണ കാലം,മുൻപ് പറഞ്ഞതുപോലുള്ള ചില ബന്ധങ്ങൾ,സത്യത്തില് ഞാൻ ശെരിക്കും ആസ്വതിച്ച എന്റെ യെവ്വനം.ആ ബന്ധങ്ങൾ തന്നെയാണ് ഗൾഫ്‌ എന്ന എന്റെ മോഹത്തെ പിന്നോട്ട് വലിച്ചത്(ആ ബന്ധങ്ങളെ കുറിച്ചോർത്തു പിന്നീടു എനിക്ക് ദുഖിക്കെണ്ടിയും വന്നു അത് വേറെ സത്യം)

അങ്ങനെ ജീവിതം ആസ്വതിച്ചു പോന്ന ഞാൻ ഒരു ദിവസം എന്റെ വീട്ടുകാർക്ക് ഒരു പെണ്‍കുട്ടിയെ ചുണ്ടി കാണിച്ചു പറഞ്ഞു എനിക്കവളെ വിവാഹം കഴിക്കണം അന്ന് വയസു ഇരുപത്തി രണ്ടു.അത് കേട്ട പാടെ എന്റെ വാപ്പിച്ചി പറഞ്ഞു, ആദ്യം നീ പോയി ഒരു താലി മാലക്കുള്ള കാശ് എങ്കിലും ഉണ്ടാക്കു എന്നിട്ടല്ലേ പെണ്ണ് കെട്ടലൊക്കെ...  അതോടെ പെണ്ണ് കെട്ടാനുള്ള പൂതീം തീർന്നു,അവളെ ആണൊരൂത്തൻ വന്നു കെട്ടിക്കൊണ്ടും പോയി.പിന്നീട് ഞാൻ കൊറേ വള്ളിക്കെട്ടു പരിപാടികളൊക്കെ(വള്ളിക്കെട്ടു എന്താന്ന് പിന്നെ പറയാം)ആയി നാട്ടില് തെണ്ടി നടന്നു കാലം കഴിച്ചു.

എങ്കിലും വാപ്പിച്ചിയുടെ ആ വാക്കുകള വീണ്ടും എന്റെ ഗൾഫുകാരൻ എന്ന സ്വപ്നത്തിനു ചിറകു മുളപ്പിച്ചു.പിന്നെ വിസക്കുള്ള അന്വേഷണം,ഒന്നും അങ്ങ് ശരിയാകുന്നില്ല.അങ്ങനെയിരിക്കെ കുറച്ചു നാളുകൾക്ക ശേഷം ഒരു ദിവസം എക്സ് ഗൾഫുകാരനായ എന്റെ കൊച്ചുപ്പ എന്നെ വിളിച്ചു പറഞ്ഞു,ഡാ നസീറേ...സിറാജിനു(മൂന്നു വർഷത്തോളമായി സൗദിയിൽ ഉള്ള കൊച്ചുപ്പയുടെ മകൻ )വിസയില് ചില പ്രോബ്ലംസ് കാണുന്നുണ്ട് ചിലപ്പോള് അവൻ കേറി പോരും പകരം നിനക്ക് പോകാം.പറഞ്ഞത് പോലെ തന്നെ സിറാജിന്റെ വിസയിലെ പ്രോബ്ലംസ് മൂലം പുള്ളിക്കാരൻ നാടണഞ്ഞു.

എന്തായാലും ആ ഹതഭാഗ്യൻ മൂലം എന്റെ ഗൾഫ്‌ എന്ന മോഹം പൂവണിയാൻ പോകുന്നു.പിന്നീട് എല്ലാം ചട പടേന്ന് ആയിരുന്നു വിസ വന്നു ടിക്കെറ്റ് എടുത്തു.എല്ലാം ഒറ്റ ആഴ്ച കൊണ്ട് സംഭവിച്ചു.അങ്ങനെ ഞാൻ ഏപ്രില് മുപ്പതാം തിയതി ഒരു ശനിയാഴ്ച ഉച്ചക്കത്തെ നമ്മുടെ സ്വന്തം സഹൂദീ രാജന്റെ ബീമാനത്തില് ആ ബീമാനത്തെക്കാളും വലിപ്പമുള്ള സ്വപ്നങ്ങളുമായി പറന്നുയർന്നു...

എല്ലാരേം പോലെ ആദ്യ ബീമാന യാത്രയെ കുറിച്ച് എനിക്കുമുണ്ടേറെ പറയാൻ,അത് അടുത്ത കഥയല് ആയിക്കോട്ടെ എന്താ...

Friday, May 10, 2013

സഹമുറിയൻ ...

മഴ പെയ്യുന്നതും കണ്ടു പുറത്തേക്കു നോക്കി നല്ല ഗ്രഹാതുരത്വം അടിച്ചു ഇരിക്കുമ്പോഴാണ് ഒരു കാര്യം ഓർത്തത്‌ പഴയ ഒരു പിടി നല്ല ഗാന ശേഖരം കയ്യില് ഉണ്ടല്ലോ എന്നത്. മഴ സംഗീതത്തിനു ചേരുന്ന ഒരു ബാക്ക് ഗ്രൌണ്ട് മുസിക്കും കൊടുത്ത് ഗ്രഹാതുരത്വത്തിലേക്ക് വീണ്ടും ഞാൻ ഊളിയിട്ടു പാട്ടിനൊത്തു കൈ താളമിട്ടു ഇരിക്കുമ്പോഴാണ് നാട്ടുകാരനും നാട്ടിൽ ലോക്കൽ ഗാനമേളയിലൊക്കെ പാടിയിട്ടുള്ള ആളുമായ എന്റെ സഹമുറിയന്റെ വരവ്.

വന്നപാടെ ആശാൻ എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട് ഞാൻ അതിലൊന്നും ശ്രദ്ധ ചെലുത്താതെ പാട്ടിൽ മുഴുകി ഇരിക്കുന്നു.പെട്ടന്നു സഹമുറിയൻ ശബ്ദം ഉയർന്നത് പോലെ തോന്നി,ഞാൻ എന്തെ എന്ന മട്ടിൽ അവന്റെ മുഖത്തെക്ക് നോക്കി.മറുപടി ആയിട്ട് അവൻ അൽപ്പം ഉച്ചത്തിൽ തന്നെ എന്നോട് പറഞ്ഞു,അതെ ഇമ്മാതിരി കോപ്പിലെ പാട്ടൊന്നും ഇവിടെ പറ്റത്തില്ല കേട്ടോ...

പെട്ടെന്നുള്ള സഹമുറിയന്റെ മറുപടി കേട്ട് ഞാൻ തെല്ലൊന്നു അമ്പരന്നു ചോദിച്ചു.
ങേ...നീ വല്യ പാട്ടുകരനൻ ആണെന്നൊക്കെ പറഞ്ഞിട്ട് എന്താ ഈ പാട്ട് കേട്ടിട്ട് പിടിച്ചില്ലേ ?നല്ല പാട്ടല്ലേ എന്താ കുഴപ്പം ?

പാട്ടിനു കുഴപ്പം ഒന്നും ഉണ്ടായിട്ടല്ല

പിന്നെ ?

എന്റെ പോന്നു കൂട്ടുകാരാ ഇമ്മാതിരി പാട്ടൊക്കെ കേൾക്കുമ്പോ നാട്ടിലെ പഴയ കാര്യങ്ങൾ ഓർമ വരുന്നു അതാ,പോരാത്തതിനു മഴയും.അവൻ അത്രയും പറഞ്ഞു മെല്ലെ കട്ടിലിലേക്ക് ചാഞ്ഞു.

പിന്നെ ഞാന്നൊന്നും പറഞ്ഞില്ല മെല്ലെ ഇന്നത്തെ പാട്ട് കേൾക്കലും നിർത്തി,ലാപ്പും ഓഫ്‌ ആക്കി എന്റെ കട്ടിലും ലക്ഷ്യമാക്കി ഞാൻ നടന്നു....

മഴയും ഞാനും....


മഴകൊണ്ടു മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ ....

പ്രണയത്തിനാൽ മാത്രമെരിയുന്ന ജീവന്‍റെ തിരികളുണ്ടാത്മാവിനുള്ളിൽ ...

(സ്പിരിറ്റ്)

മഴയും പ്രണയവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ?ഉണ്ടെന്നാണ് എന്‍റെ പക്ഷം.
മഴയെ ഇഷ്ട്ടപ്പെടാത്ത ആരാണ് ഉള്ളതു,പ്രത്തേകിച്ച് ഒരു പ്രണയം കൂടി ഉണ്ടെങ്കിൽ മഴയെ നോക്കി നിൽക്കാൻ എന്ത് രെസമായിരിക്കും അല്ലെ.പിന്നെ വേറൊരു സത്യം കൂടി ഉണ്ട്,നമുക്ക് സങ്കടം വരുമ്പോൾ മഴയത്ത് ഇറങ്ങി നിന്നാൽ നമ്മുടെ കരച്ചിൽ ആരും കാണില്ല,കാരണം മഴയത്ത് കണ്ണുനീർ തുള്ളിയാണോ മഴത്തുള്ളിയാണോ എന്ന് ആര് തിരിച്ചറിയാൻ.

ഞാനും മഴയും തമ്മിൽ എന്തോ ഒരു ആത്മ ബന്ധം ഉള്ളത് പോലെ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.ഞാൻ ഏതോ മുട്ടൻ മഴക്കാലത്ത്‌ ആണ് ഭൂജാതനായത്‌ എന്ന് തോനുന്നു.കാരണം മഴ എവിടെ കണ്ടാലും നോക്കി നിൽക്കും,മഴയോടൊത്ത് നൃത്തം ചെയ്യാൻ എന്റെ മനസ്സ് തുടിച്ചു കൊണ്ടിരിക്കും,നാട്ടിലായിരുന്നപ്പോൾ ഒറ്റ മഴപോലും ഞാൻ മിസ്സ്‌ ആക്കിയിരുന്നില്ല.മഴക്കോട്ടു ഉണ്ടായിരുന്നിട്ടും ബൈക്കിൽ മഴയും കൊണ്ടേ വീട്ടില് പോകാറ് എന്നത് ഇപ്പഴും എന്റെ മനസ്സില് തെളിഞ്ഞു നിക്കുന്നു.



ചെറുപ്പകാലത്ത് പുതുമഴ പെയ്യുമ്പോൾ ഒരു ചെറിയ തോർത്ത്‌ മുണ്ട് മാത്രം ഉടുപ്പിച്ചു ഉമ്മച്ചി എന്നെ വീടിന്റെ മുറ്റത്തെക്ക് ഇറക്കി വിടും പിന്നെ മഴയിൽ കുളിച്ചു തിമിർത്തു നടക്കും.പുതു മഴ നനഞ്ഞാൽ പിന്നെ ആ വർഷം രോഗങ്ങളുണ്ടാവില്ലെന്നു വെല്ലുമ്മ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.സത്യത്തിൽ മഴയെ ഇത്രെയും ഇഷ്ട്ടപ്പെടാൻ കാരണം എന്റെ ഉമ്മച്ചി തന്നെയാണ് എന്ന് എനിക്ക് തോനുന്നു.എന്റെ എല്ലാ കാര്യങ്ങൾക്കും കുസൃതികൾക്കും ഉമ്മച്ചി എപ്പഴും സപ്പോർട്ട് ആയിരുന്നു.

ഞാനും മഴയും പ്രണയത്തിലാണ്.ഇപ്പോൾ മുമ്പെങ്ങുമില്ലാത്ത പ്രണയം മഴയോട് ഉണ്ടോ എന്ന് ഒരു സംശയം,അതിനു കാരണം എന്റെ പ്രണയിനി തന്നെ ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.അവൾ പലപ്പോഴും എന്നോട് പറയും നമുക്ക് ഈ മഴയത്ത് കെട്ടിപ്പിടിച്ചു നിക്കണമെന്ന്.പക്ഷെ അവൾ അടുതുള്ളപ്പോഴോന്നും മഴ പെയ്തു കണ്ടില്ല.ചിലപ്പോൾ ഞങ്ങളുടെ പ്രണയത്തിൽ അസൂയ പൂണ്ടതാവാം...


മഴയ്ക്ക് ഞങ്ങളുടെ സ്നേഹം കണ്ടിട്ട് ഇഷ്ട്ടപ്പെട്ടു കാണില്ലേ?ഹേയ് അങ്ങനെയൊന്നും വരൻ വഴിയില്ല.കാരണം ഞാനും മഴയും തമ്മിൽ വർഷങ്ങളുടെ അഗാധ ബന്ധം ഉണ്ട്.അതെ ഞാനും മഴയും പ്രണയത്തിലാണ് ...
എന്റെ പ്രണയിനിയോടെന്ന പോൽ... ഞാനും മഴയും പ്രണയത്തിലാണ്