Friday, October 17, 2014

ഒരു വെളുപ്പാൻ കാലം

നേരം പുലരുന്നതേയുള്ളൂ,സമയം മൂന്നു മണി ചെറിയ തണുപ്പുണ്ട്.
ഞാന്‍ മെല്ലെ കണ്ണ് തുറന്നു അവളെ നോക്കി.എന്നോട് ഒട്ടി അവള്‍
നല്ല ഉറക്കത്തിലാണ്,ഇന്നലത്തെ യാത്രയുടെ ക്ഷീണമാകാം.
ഈ ഉറക്കത്തിലും അവളുടെ ഭംഗി പതിന്മടങ്ങ്‌ വര്‍ദ്ധിച്ച പോലെ തോന്നി,സൂര്യ കാന്തി പോലെ തിളങ്ങുന്നു അവളുടെ കവിളുകള്‍.

വെളുപ്പാന്‍ കാലത്ത് അല്ലെങ്കിലും ഏതൊരാളുടെയും സൗന്ദര്യം വര്‍ദ്ധിക്കുമെന്ന് കേട്ടിട്ടുണ്ട്,അത് അവളുടെ മുഖത്ത് നിന്നും ഞാന്‍ വായിച്ചെടുത്തു.ഏതോ സുന്ദര സ്വപ്നം കണ്ടിട്ടാണ് എന്ന് തോനുന്നു
അവളുടെ ചുണ്ടില്‍ ചെറു മന്ദസ്മിതം വിരിഞ്ഞു.ആ പുഞ്ചിരിക്കും പതിവിലും ഏറെ പ്രകാശം ഉള്ള പോലെ.

അവളെ ശല്യപ്പെടുത്താതെ മെല്ലെ എന്നെ ചുറ്റി പിടിച്ചിരുന്ന കൈകള്‍
മാറ്റി വെച്ച് ഞാന്‍ വാതില്‍ തുറന്നു പുറത്തേക്കു ഇറങ്ങി.
നല്ല നിലാവുണ്ട് ,മുറ്റത്ത്‌ രാത്രിയില്‍ പെയ്തിറങ്ങിയ മഴയുടെ ബാക്കിയെന്നോണം വെള്ളം തളം കെട്ടി കിടക്കുന്നു.മാനം കണ്ടിട്ട്
മേഘങ്ങളേ എല്ലാം താഴോട്ട് പറഞ്ഞു വിട്ടെന്ന് തോനുന്നു,അത്രമേല്‍
തെളിഞ്ഞ ആകാശം.അതിനു തിലകക്കുറിയെന്ന പോലെ നിറ ശോഭയോടെ നിലാവ്.

മുറ്റത്തെ വെള്ളക്കെട്ടില്‍ നിന്നും അമ്പിളി മാമന്റെ പ്രതിരൂപം
എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകുന്നുണ്ട്.ഈ പുലരിയെത്ര മനോഹരിയാണ്,ഇതെന്നെന്നും നില നിന്നിരുന്നെങ്കിലെന്നു വെറുതെ ആശിച്ചു.ഇടയ്ക്ക് പോയി അവളുടെ ചാരെ കുറച്ചു നേരം ഇരുന്നു.
അവളുടെ ചുണ്ടിലിപ്പോഴും ഒരു ചെറു പുഞ്ചിരി തത്തി കളിക്കുന്നുണ്ട്.എന്തായിരിക്കും ഈ പുലര്‍ക്കാലത്ത് കാണുന്ന
ഈ സുന്തര സ്വപ്നം,എന്തായാലും പുലര്‍ക്കാലെ കാണുന്ന സ്വപ്നം ഫലിക്കുമെന്നാനു ചൊല്ല്.കാണട്ടെ മതിവരുവോളം...

ഞാന്‍ വീണ്ടും പുറത്തെ വരാന്തയില്‍ പോയിരുന്നു ആകാശത്തേക്ക്
നോക്കി അവിടെ പ്രകാശ പൂരിതമായി പൂര്‍ണ ചന്ദ്രന്‍ എന്റെ നേരെ
നോക്കി പുഞ്ചിരി തൂകുന്നു.അതില്‍ എന്റെ പ്രിയ തമയുടെ മുഖം
തെളിഞ്ഞു വരുന്നു,ചാരെ രണ്ടു കുഞ്ഞു നക്ഷത്രങ്ങള്‍,അത് ചിലപ്പോള്‍ ഞങ്ങള്‍ക്ക് പിറക്കാന്‍ പോകുന്ന കുഞ്ഞു നക്ഷത്രങ്ങളാകാം.
അതായിരിക്കാം അവളുടെ സ്വപ്നത്തിലും വന്നത്...അതായിരിക്കാം അവളുടെ മന്ദസ്മിതത്തിന് ഇത്രയേറെ ഭംഗിയും...

വീണ്ടും എന്നെ സ്വപ്ന ലോകത്തേക്ക് കൊണ്ട് പോകുന്നു ....

No comments:

Post a Comment